2023 ഐ.സി.സി ലോകകപ്പില്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചിട്ടും ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമി മികച്ച തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ 2023ലെ ഓള്‍ ഫോര്‍മാറ്റ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത് എത്തിയിരിക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്.
2023 തുടങ്ങിയപ്പോള്‍ മുതല്‍ 37 മത്സരത്തില്‍ നിന്ന് 64 വിക്കറ്റുകളാണ് ജഡേജ നേടിയത്. 23.65 എന്ന ആവറേജിലാണ് ജഡേജ ഈ നേട്ടം കൈവരിച്ചത്. 7/42 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. മാത്രമല്ല മൂന്ന് തവണ ഫൈഫര്‍ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.
2023 സീസണില്‍ ജഡേജയില്‍ മാത്രം അവസാനിക്കുന്നതല്ല ഇന്ത്യയുടെ വിക്കറ്റ് വേട്ടയുടെ ആധിപത്യം. തൊട്ട് പിറകെ മുഹമ്മദ് സിറാജ് 34 മത്സരത്തില്‍ നിന്ന് 57 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനത്ത് 27 മത്സരങ്ങളില്‍നിന്നും 56 വിക്കറ്റുകളുമായി മുഹമ്മദ് ഷമിയുമുണ്ട്. 29 മത്സരത്തില്‍ നിന്ന് 56 വിക്കറ്റുകളുമായി നാലാം സ്ഥാനത്ത് നേപ്പാളിന്റെ സന്ദീപ് ലാമിച്ചാലുമുണ്ട്.
2023 ഏകദിന ലോകകപ്പില്‍ ജഡേജ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ താരത്തിന് 16 വിക്കറ്റുകള്‍ മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ നേടാനായത്. ബൗളിങ്ങില്‍ മാത്രമല്ല ഈ ഇന്ത്യന്‍ തുറുപ്പ് ചീട്ട് മിന്നിയത്. മികച്ച ഫീല്‍ഡിങ്ങും ബാറ്റിങ്ങും ജഡേജയുടെ കരുത്താണ്.
ലോകകപ്പിന് ശേഷം ജഡേജ സൗത്ത് ആഫ്രിക്കയുമായുള്ള മൂന്ന് ടി ട്വന്റി പരമ്പരക്ക് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബര്‍ 10ന് ഡര്‍ബനില്‍ വച്ച് മത്സരം നടക്കാനിരിക്കുകയാണ്. ജഡേജക്ക് പുറമെ മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ടീമില്‍ ചേര്‍ന്നിട്ടുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഓസീസിനെതിരായ ടി ട്വന്റി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.
Content Highlight: Ravindra Jadeja is the top wicket-taker in 2023 All Format