ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ നാലാം തോല്‍വിയും വഴങ്ങിയതിന് പിന്നാലെ പോയിന്റ് ടേബിളിന്റെ താഴേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പുതിയ നായകന്‍ രവീന്ദ്ര ജഡേജയ്ക്ക് കീഴില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്ന പ്രകടനമാണ് ടീം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടായിരുന്നു സി.എസ്.കെയുടെ ഏറ്റവും പുതിയ തോല്‍വി. നാലാം തോല്‍വിക്ക് പിന്നാലെ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കെ.ആര്‍.കെ.
ധോണിയുടെ കീഴില്‍ 2010ല്‍ ചെന്നൈ നാല് തോല്‍വികളേറ്റുവാങ്ങിയതിന് സമാനമായി ഇത്തവണയും നാല് മത്സരം തോറ്റിരിക്കുന്നു. ജഡേജ ഇതുവരെ ക്രിക്കറ്റ് കളിച്ചത് ധോണിയുടെ മോട്ടോര്‍ സൈക്കിളുകള്‍ കഴുകിക്കൊടുത്തിട്ടാണ് എന്നായിരുന്നു കെ.ആര്‍.കെയുടെ വിമര്‍ശനം.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
എട്ട് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരാജയം ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കുകയായിരുന്നു.
മോയിന്‍ അലിയുടേയും അമ്പാട്ടി റായിഡുവിന്റെയും ക്യാപ്റ്റന്‍ ജഡേജയുടെയും ബലത്തിലാണ് ചെന്നൈ 154 റണ്‍സെടുത്തത്. മോയിന്‍ അലി 35 പന്തില്‍ 48ഉം, റായിഡു 27 പന്തില്‍ 27 റണ്‍സുമെടുത്തു.
നായകന്‍ ജഡേജ 15 പന്തില്‍ ഇരുപത്തിമൂന്നടിച്ചപ്പോള്‍ധോണി വീണ്ടും നിരാശപ്പെടുത്തി. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു തലയുടെ സമ്പാദ്യം.
മറുടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ടിലാണ് അനായാസ ജയം സ്വന്തമാക്കിയത്.
ശര്‍മ 50 പന്തില്‍ നിന്നും 75 റണ്‍സടിച്ചപ്പോള്‍ ത്രിപാഠി 15 പന്തില്‍ നിന്നും 39 റണ്‍സ് നേടി. പിന്നാലെ വന്ന നായകന്‍ കെയ്ന്‍ വില്യംസണും കത്തിക്കയറിയപ്പോള്‍ 14 പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് ജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.
ഇതോടെ മൂന്ന് കളിയില്‍ നിന്നും 2 പോയിന്റുമായി ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.