സ്പിന്നര്‍മാരുടെ കോട്ടയിലേക്ക് ഇടിച്ചുകയറി ജഡേജ; മാസ് എന്‍ട്രിയില്‍ തകര്‍ന്നത് സഹീറും ഇഷാന്ത് ശര്‍മയും
Sports News
സ്പിന്നര്‍മാരുടെ കോട്ടയിലേക്ക് ഇടിച്ചുകയറി ജഡേജ; മാസ് എന്‍ട്രിയില്‍ തകര്‍ന്നത് സഹീറും ഇഷാന്ത് ശര്‍മയും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st November 2024, 4:23 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റില്‍ സ്വന്തം മണ്ണില്‍ പരാജിതരായ ഇന്ത്യ അഭിമാന ജയത്തിനാണ് പൊരുതുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ഇന്ത്യ ആദ്യ ദിനം തന്നെ പുറത്താക്കിയിരിക്കുകയാണ്.

65.4 ഓവറില്‍ 235 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മിന്നും പ്രകടനത്തിലാണ് ഇന്ത്യ കിവികളെ തകര്‍ത്തത്. സുന്ദര്‍ രണ്ട് മെയ്ഡന്‍ അടക്കം 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ജഡേജയുടെ മികച്ച ബൗളിങ് പ്രകടനം

22 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 65 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. വില്‍ യങ് (71), ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (17), ഇഷ് സോധി (7), മാറ്റ് ഹെന്റി (0) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.

ജഡ്ഡുവിന്റെ തകര്‍പ്പന്‍ നേട്ടം

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ (അഞ്ച് വിക്കറ്റുകള്‍) നേടുന്ന ഇന്ത്യന്‍ സ്പിന്നറുടെ പട്ടികയില്‍ അഞ്ചാമനാകാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ബിഷന്‍ സിങ് ബേധിക്കൊപ്പമെത്താനും ജഡേജക്ക് സാധിച്ചു.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന താരം

ആര്‍. അശ്വിന്‍ – 37

അനില്‍ കുംബ്ലെ – 35

ഹര്‍ഭജന്‍ സിങ് – 25

ബി. ചന്ദ്രശേഖര്‍ – 16

രവീന്ദ്ര ജഡേജ – 14*

ബിഷന്‍ സിങ് ബേദി – 14

ജഡേജയുടെ മിന്നും പ്രകടനത്തില്‍ പിറന്ന മറ്റൊരു റെക്കോഡ്

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ താരമാകാനും ജഡേജയ്ക്ക് സാധിച്ചു. 314 വിക്കറ്റുകളാണ് ജഡേജ ടെസ്റ്റില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മയും സഹീര്‍ ഖാനും ടെസ്റ്റില്‍ നേടിയത് 311 വിക്കറ്റുകളായിരുന്നു. ഇതോടെ ഇരുവരെയും പിന്നിലാക്കാനും ജഡേജക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ആകാശ് ദീപ് ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് വേണ്ടി വേട്ട ആരംഭിച്ചത്. കിവീസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ്. നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ 18 റണ്‍സിന് മാറ്റ് ഹെന്റി പുറത്താക്കുകയായിരുന്നു. ക്രീസിലുള്ളത് യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ്.

 

Content Highlight: Ravindra Jadeja In Great Record Achievement In Test Cricket