|

പേസ് മാസ്റ്റര്‍ ആന്‍ഡേഴ്‌സനെയും വെട്ടി ഇന്ത്യന്‍ പുലി; റെക്കോഡ് കുതിപ്പില്‍ സര്‍ ജഡേജ!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് രവീന്ദ്ര ജഡേജയും യുവ താരം ഹര്‍ഷിത് റാണയുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് നേടിയത്. ജഡേജ ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനും ജഡ്ഡുവിന് സാധിച്ചിരുന്നു.

ഇതിനെല്ലാം പുറമെ ഒരു മിന്നല്‍ റെക്കോഡും ജഡേജയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് ജഡേജയ്ക്ക് സാധിച്ചത്. ഈ റെക്കോഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെയാണ് ജഡേജ മറികടന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരം, വിക്കറ്റ്

രവീന്ദ്ര ജഡേജ – 42*

ജെയിംസ് ആന്‍ഡേഴ്‌സന്‍ – 40

ആന്‍ഡ്രൂ ഫ്‌ലിന്‍ഡോഫ് – 37

ഹര്‍ഭജന്‍ സിങ് – 36

രവിചന്ദ്രന്‍ അശ്വിന്‍ – 35

ജവഗള്‍ ശ്രീനാഥ് – 35

മത്സരത്തില്‍ റാണ ഏഴ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോവിക്കറ്റും നേടാന്‍ സാധിച്ചു. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേക്കബ് ബേഥലുമാണ്. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇരുവരും മികവ് പുലര്‍ത്തിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 28 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും യശസ്വി ജെയ്‌സ്വാളിനേയും ശ്രേയസ് അയ്യരേയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ 15 റണ്‍സ് നേടിയ ജെയ്‌സ്വാളിനെ പുറത്താക്കിയത് ജോഫ്രാ ആര്‍ച്ചറായിരുന്നു. ഫില്‍ സോള്‍ട്ടിന്റെ കയ്യിലാകുകയായിരുന്നു താരം.

ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉല്‍പ്പെടെ 59 റണ്‍സ് നേടിയാണ് താരം ജേക്കബ് ബേഥലിന്റെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയത്. നിലവില്‍ മികച്ച പ്രകടനവുമായി ക്രീസില്‍ തുടരുന്നത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (70*), അക്‌സര്‍ പട്ടേലുമാണ് (45*).

Content highlight: Ravindra Jadeja In Great Record Achievement Against England In ODI