| Saturday, 18th February 2023, 7:46 am

ലെജന്‍ഡുകള്‍ വാഴുന്ന ആ ലിസ്റ്റില്‍ രണ്ടാമനായി അവനും; കപിലിനെയും ഇമ്രാന്‍ ഖാനെയും മറികടന്ന് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ദല്‍ഹി ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സാണ് നേടിയത്. ഉസ്മാന്‍ ഖവാജയുടെയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെയും ഇന്നിങ്‌സുകളാണ് ഓസീസിന് തുണയായത്.

125 പന്തില്‍ നിന്നും 81 റണ്‍സുമായി ഖവാജ പുറത്തായപ്പോള്‍ 142 പന്തില്‍ നിന്നും പുറത്താകാതെ 71 റണ്‍സായിരുന്നു ഹാന്‍ഡ്‌സ്‌കോംബിന്റെ സമ്പാദ്യം.

ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിയും അശ്വിനും ജഡേജയുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജയും അശ്വിനും ചേര്‍ന്ന് മൂന്ന് വീതം ഓസീസ് ബാറ്റര്‍മാരെ മടക്കി.

21 പന്തില്‍ നിന്നും 68 റണ്‍സ് വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഉസ്മാന്‍ ഖവാജ, പാറ്റ് കമ്മിന്‍സ്, ടോഡ് മര്‍ഫി എന്നിവരെയായിരുന്നു ജഡേജ മടക്കിയത്.

ഈ മത്സരത്തിലെ വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 250 വിക്കറ്റ് എന്ന അപൂര്‍വ റെക്കോഡും ജഡേജ സ്വന്തമാക്കിയിരുന്നു. ഈ വിക്കറ്റ് നേട്ടത്തോടെ ഒരു എലീറ്റ് ലിസ്റ്റിലും ജഡേജ ഇടം പിടിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 250 വിക്കറ്റും 2500 റണ്‍സും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ജഡേജ ഇടം പിടിച്ചിരിക്കുന്നത്.

ഇയാമന്‍ ബോതം, കപില്‍ ദേവ്, ഉമ്രാന്‍ ഖാന്‍ എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പമാണ് ജഡേജ സ്ഥാനം പിടിച്ചിരിക്കുന്നത്. തന്റെ 62ാമത് ടെസ്റ്റിലാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റില്‍ വേഗത്തില്‍ 2500 റണ്‍സും 250 വിക്കറ്റും സ്വന്തമാക്കുന്ന താരം

(250 വിക്കറ്റ് നേടാന്‍ കളിച്ച മത്സരം, താരം, ആകെ കളിച്ച മത്സരം, റണ്‍സ്, ബാറ്റിങ് ആവറേജ്, വിക്കറ്റ്, ബൗളിങ് ആവറേജ് എന്നീ ക്രമത്തില്‍)

55 – ഇയാന്‍ ബോതം – 102 – 5200 – 33.54 – 383 -28.40

62 – രവീന്ദ്ര ജഡേജ – 62 – 2593 – 37.04 – 250 -24.40

64 – ഇമ്രാന്‍ ഖാന്‍ – 88 – 3807 37.69 -362 – 22.81

65 – കപില്‍ ദേവ് – 313 – 5248 – 31.05 – 434- 29.64

അതേസമയം, ഓസീസിനെ 263 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇന്ത്യ നേടിയത്.

31 പന്തില്‍ നിന്നും 13 റണ്‍സ് നേടിയ രോഹിത് ശര്‍മയും 20 പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ കെ.എല്‍. രാഹുലുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content Highlight: Ravindra Jadeja has entered the list of players who have scored 2500 Test runs and 250 wickets.

We use cookies to give you the best possible experience. Learn more