ഐ.പി.എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സ് 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ നടത്തിയത്. നാല് ഓവറില്‍ വെറും പതിനെട്ട് റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ ആണ് ജഡേജ സ്വന്തമാക്കിയത്.
4.50 എക്കണോമിയില്‍ പന്തറിഞ്ഞ ജഡേജ കൊല്‍ക്കത്ത താരങ്ങളായ സുനില്‍ നരെയ്ന്‍, അന്‍ക്രിഷ് രഖുവംശി, വെങ്കിടേഷ് അയ്യര്‍ എന്നിവരെയാണ് പുറത്താക്കിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കി.
⚔️Aatanayagan = Thalapathy ⚔️#CSKvKKR #WhistlePodu #Yellove🦁💛 @imjadeja pic.twitter.com/a9IdTkutQi
— Chennai Super Kings (@ChennaiIPL) April 8, 2024
ഇതിനുപിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ജഡേജയെ തേടിയെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരമെന്ന എം.എസ് ധോണിയുടെ റെക്കോഡിനൊപ്പമെത്താനാണ് ജഡേജക്ക് സാധിച്ചത്. 15 തവണയാണ് ജഡേജ ചെന്നൈക്കായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്.
The Mastery of the Tri- Wizard! 🦁🔥#CSKvKKR #WhistlePodu #Yellove🦁💛 @imjadeja pic.twitter.com/PRFEGItKJm
— Chennai Super Kings (@ChennaiIPL) April 8, 2024
ജഡേജക്ക് പുറമേ തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും മഹേഷ് തീഷണ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ നായകന്‍ ശ്രേയസ് അയ്യര്‍ 32 പന്തില്‍ 34 റണ്‍സും സുനില്‍ നരെയ്ന്‍ 20 പന്തില്‍ 27 റണ്‍സും അന്‍ക്രിഷ് രഘുവംശി 18 പന്തില്‍ 24 റണ്‍സും നേടി നിര്‍ണായകമായി.
ചെന്നൈക്കായി നായകന്‍ റിതുരാജ് ഗെയ്ക്വാദ് 58 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ശിവം ദുബെ 18 പന്തില്‍ 28 റണ്‍സും ഡാറില്‍ മിച്ചല്‍ 19 പന്തില്‍ 25 റണ്‍സും നേടിയപ്പോള്‍ ചെന്നൈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും അടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Ravindra Jadeja great performance against Kolkata Knight Riders