Advertisement
Cricket
"ക്ഷത്രിയനാ... ക്ഷത്രിയന്‍"; റെയ്‌നയ്ക്ക് പിന്നാലെ ജാതീയ പരാമര്‍ശവുമായി ജഡേജയും, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 24, 10:21 am
Saturday, 24th July 2021, 3:51 pm

മുംബൈ: സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും ജാതീയ പരാമര്‍ശത്തില്‍ വിവാദത്തില്‍. രജ്പുത് ബോയ് ഫോര്‍ എവര്‍ എന്ന ഹാഷ്ടാഗിലുള്ള ജഡേജയുടെ ട്വീറ്റാണ് വിവാദത്തിലായിരിക്കുന്നത്.

ഹിന്ദുക്കളിലെ ക്ഷത്രിയ വിഭാഗം എന്നറിയപ്പെടുന്ന സമുദായമാണ് രജ്പുതുകള്‍.

ക്രിക്കറ്റ് കമന്ററിയ്ക്കിടെ താനും ബ്രാഹ്‌മണനാണെന്ന സുരേഷ് റെയ്നയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് ട്രെന്‍ഡിംഗാകുന്നതിനിടെയാണ് ജഡേജയുടെ ട്വീറ്റ്.

ഇതോടെ ഇതിനെതിരേയും സോഷ്യല്‍ മീഡിയ രംഗത്തെത്തി. ജാതീയമായ ഉച്ചനീചത്വങ്ങളെ മഹത്വവല്‍ക്കരിക്കുന്നതാണ് ജഡേജയുടെ ട്വീറ്റെന്നാണ് പലരുടേയും അഭിപ്രായം. മനുഷ്യനായതിലും ഇന്ത്യക്കാരനായതിലും അഭിമാനിച്ചുകൂടെ എന്നാണ് മറ്റ് ചിലര്‍ ജഡേജയോട് ചോദിക്കുന്നത്.

തമിഴ്നാട് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിനിടെയായിരുന്നു റെയ്നയുടെ ജാതീയ പരാമര്‍ശം.

ദക്ഷിണേന്ത്യന്‍ സംസ്‌കാരവുമായി എങ്ങനെയാണ് പെട്ടെന്ന് ഇഴുകിച്ചേര്‍ന്നതെന്നായിരുന്നു റെയ്നയോട് സഹ കമന്റേറ്ററുടെ ചോദ്യം. ഇതിന് മറുപടി പറയവെയാണ് താനും ബ്രഹ്‌മാണനാണെന്ന് റെയ്ന പറഞ്ഞത്.

‘എനിക്ക് തോന്നുന്നു ഇതെല്ലാം പറ്റുന്നത് ഞാനും ബ്രാഹ്‌മണനായതുകൊണ്ടാണെന്ന്. 2004 മുതല്‍ ചെന്നൈയില്‍ കളിക്കുന്നുണ്ട്. ഈ സംസ്‌കാരത്തെ ഞാനിഷ്ടപ്പെടുന്നു,’ എന്നായിരുന്നു റെയ്നയുടെ പരാമര്‍ശം.

എന്നാല്‍ ചെന്നൈ സംസ്‌കാരത്തെക്കുറിച്ച് റെയ്നയ്ക്ക് ഒന്നുമറിയാത്തതിനാലാണ് ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ravindra Jadeja for casteist tweet Suresh Raina