| Sunday, 15th January 2023, 10:40 pm

ജഡേജക്ക് കനത്ത തിരിച്ചടി; നിര്‍ണായക നിര്‍ദ്ദേശം നല്‍കി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് മത്സരത്തിന് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാന്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം. ആറ് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ തയ്യാറെടുക്കുന്ന താരത്തിന് ബി.സി.സി.ഐ നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഒരു ആഭ്യന്തര മത്സരമെങ്കിലും കളിച്ച് ഫിറ്റ്നെസ് തെളിയിക്കണമെന്നാണ് ജഡേജയോട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

രഞ്ജി ട്രോഫിയില്‍ കളിച്ചാവും ജഡേജ നാല് ടെസ്റ്റുകളുടെ പരമ്പരക്കായി തയ്യാറെടുക്കുക. ജനുവരി 24ന് ആരംഭിക്കുന്ന സൗരാഷ്ട്രയുടെ അവസാന റൗണ്ട് മത്സരത്തിനുള്ള സ്‌ക്വാഡില്‍ ജഡേജയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈയില്‍ തമിഴ്നാടിന് എതിരെയാണ് മത്സരം.

പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി നീണ്ട ഇടവേള കഴിഞ്ഞ് വരുന്ന ജഡേജക്ക്‌ വലിയ പരീക്ഷയാകും രഞ്ജി മത്സരം.

ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള 17 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ വെള്ളിയാഴ്ച സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയേയും ഉള്‍പ്പെടുത്തുകയായിരുന്നു.

പൂര്‍ണ ആരോഗ്യവാനാണ് എന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയാല്‍ മാത്രമേ ജഡേജയെ കളിപ്പിക്കുകയുള്ളൂ. അതിനാലാണ് പരമ്പരയ്ക്ക് മുമ്പ് രഞ്ജി മത്സരം കളിക്കാന്‍ ജഡേജയോട് നിര്‍ദേശിച്ചത് എന്നാണ് സൂചന.

ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയ ജഡേജ പിന്നാലെ വലത് കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തുകയാണ് താരം.

Content Highlights: Ravindra Jadeja, Fitness Test, Renji Trophy

We use cookies to give you the best possible experience. Learn more