| Saturday, 8th April 2023, 9:22 pm

സിക്‌സറടിച്ചതിന് മറുപടി തൊട്ടടുത്ത പന്തില്‍; സച്ചിനെ സാക്ഷിയാക്കി പ്രതികാരം വീട്ടി ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വാംഖഡെ സ്‌റ്റേഡിയത്തില്‍ സച്ചിനെ സാക്ഷിയാക്കിയായിരുന്നു മുംബൈ ഇന്ത്യന്‍സ് ആദ്യ ഇന്നിങ്‌സിനായി ഇറങ്ങിയത്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സ്പിന്നര്‍മാര്‍ ചേര്‍ന്ന് തളച്ചിട്ടിരുന്നു. രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റ്‌നറും ചേര്‍ന്ന് മുംബൈ ബാറ്റര്‍മാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു.

ചെന്നൈ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് മാത്രം വഴങ്ങിയ ജഡ്ഡു മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.

ഇഷാന്‍ കിഷനെ ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ കൈകളിലെത്തിച്ച് മടക്കിയ ജഡ്ഡു കാമറൂണ്‍ ഗ്രീനിനെ റിട്ടേണ്‍ ക്യാച്ചിലൂടെയും മുംബൈയുടെ യങ് സെന്‍സേഷനായ തിലക് വര്‍മയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയുമായിരുന്നു മടക്കിയത്.

മത്സരത്തിന്റെ 13ാം ഓവറിലായിരുന്നു തിലക് വര്‍മയുടെ മടക്കം. 18 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയായിരുന്നു താരം മടങ്ങിയത്.

രവീന്ദ്ര ജഡേജയെ സിക്‌സറിന് പറത്തി മുംബൈ ആരാധകരെ ആവേശത്തിലാഴ്ത്തിയ ശേഷമായിരുന്നു തിലക് വര്‍മയുടെ മടക്കം. 13ാം ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ സിക്‌സറിന് പറത്തിയ തിലക് വര്‍മക്ക് തൊട്ടടുത്ത പന്തില്‍ തന്നെ ജഡേജ മറുപടി നല്‍കിയിരുന്നു.

തന്റെ സ്‌പെല്ലിലെ അവസാന പന്തായ 13ാം ഓവറിലെ അവസാന ഡെലവറിയില്‍ തിലക് വര്‍മയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ജഡേജ മടക്കുകയായിരുന്നു. എല്‍.ബി.ഡബ്ല്യൂവില്‍ സംശയമുണ്ടായിരുന്ന തിലക് വര്‍മ റിവ്യൂവിന് നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.

അതേസമയം, നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് മുംബൈ നേടിയത്. അവസാന ഓവറുകളില്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശിയ ഹൃതിക് ഷോകീനാണ് മുംബൈ ഇന്ത്യന്‍സിനെ 150 റണ്‍സ് കടത്തിയത്.

Content Highlight: Ravindra Jadeja dismiss Thilak Varma

We use cookies to give you the best possible experience. Learn more