| Friday, 21st April 2023, 9:59 pm

ധോണിയില്ലെങ്കില്‍ അവന്‍ അവിടെ തീര്‍ന്നേനേ... ക്ലാസനെതിരെ കട്ടക്കപ്പില്‍ ജഡ്ഡു; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ തട്ടകമായ ചെപ്പോക്കില്‍ വെച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. നേരത്തെ ടോസ് വിജയിച്ച ചെന്നൈ നായകന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മോശമല്ലാത്ത തുടക്കമായിരുന്നു ഓറഞ്ച് ആര്‍മിക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 35 റണ്‍സാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഹാരി ബ്രൂക്കിനെ പുറത്താക്കി ആകാശ് സിങ്ങാണ് ചെന്നൈക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കിയത്. 13 പന്തില്‍ നിന്നും 18 റണ്‍സ് നേടിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ ചെറുത്ത് നില്‍പിന് ശ്രമിച്ചിരുന്നു. ടീം സ്‌കോര്‍ 71ല്‍ നില്‍ക്കവെ 26 പന്തില്‍ നിന്നും 34 റണ്‍സുമായി ശര്‍മ പുറത്തായി.

തുടര്‍ന്ന് വന്നവര്‍ക്കൊന്നും കാര്യമായി റണ്‍സ് ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സിലൊതുങ്ങി.

നാല് ഓവര്‍ പന്തെറിഞ്ഞ് 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ചെന്നൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ജഡേജക്ക് മുമ്പില്‍ വീണത്.

ഇതില്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഒരര്‍ത്ഥത്തില്‍ ജഡേജയുടെ പ്രതികാരം കൂടിയായിരുന്നു. എന്നാല്‍ ആ പ്രതികാരം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ഹെന്റിച്ച് ക്ലാസനോട് ആയിരുന്നെന്ന് മാത്രം.

14ാം ഓവറിലെ അഞ്ചാം പന്തിലാണ് അഗര്‍വാള്‍ പുറത്താകുന്നത്. ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലാണ് മുന്‍ പഞ്ചാബ് നായകന് മടങ്ങേണ്ടി വന്നത്. എന്നാല്‍ ഈ ഓവറിലെ ആദ്യ പന്തില്‍ തന്നെ അഗര്‍വാളിനെ പുറത്താക്കാനുള്ള അവസരം ജഡേജക്ക് ലഭിച്ചിരുന്നു.

ജഡേജയുടെ പന്തില്‍ സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ച അഗര്‍വാള്‍ റിട്ടേണ്‍ ക്യാച്ച് ആയി മടങ്ങാനുള്ള എല്ലാ സാധ്യതുമുണ്ടായിരുന്നു. പക്ഷേ ഹെന്റിച്ച് ക്ലാസന്‍ തടസ്സപ്പെടുത്തിയത് കാരണം ജഡേജക്ക് ക്യാച്ച് കൈപ്പിയിലൊതുക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ക്ലാസന്‍ കാരണം ജീവന്‍ ലഭിച്ച അഗര്‍വാളിനെ അതേ ഓവറില്‍ തന്നെ ജഡേജ മടക്കിയിരുന്നു. അതും മറുവശത്ത് ക്ലാസനെ കാഴ്ചക്കാരനാക്കിക്കൊണ്ടുതന്നെ.

വിക്കറ്റ് നേട്ടത്തിന് പിന്നാലെ ജഡ്ഡു ക്ലാസനോട് കയര്‍ത്തിരുന്നു. ധോണിയും സഹതാരങ്ങളുമെത്തിയാണ് ജഡേജയെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചത്.

മത്സരത്തിലെ മൂന്നാം വിക്കറ്റും സീസണിലെ ഒമ്പതാം വിക്കറ്റുമാണ് ജഡേജ അഗര്‍വാളിനെ പുറത്താക്കിക്കൊണ്ട് സ്വന്തമാക്കിയത്.

ആറ് മത്സരത്തില്‍ നിന്നും 21 ഓവര്‍ പന്തെറിഞ്ഞ് വെറും 142 റണ്‍സ് വഴങ്ങിയാണ് താരം ഒമ്പത് വിക്കറ്റ് പിഴുതത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ജഡേജ. 6.76 എന്ന മികച്ച രീതിയില്‍ പന്തെറിയുന്ന ജഡേജ ഇക്കാര്യത്തില്‍ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡറായ മുഹമ്മദ് സിറാജിന് പിന്നില്‍ രണ്ടാമനാണ്.

Content Highlight: Ravindra Jadeja dismiss Mayank Agarwal

We use cookies to give you the best possible experience. Learn more