ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ നാലാം ദിനത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. നിര്‍ണായകമായ വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ഇന്ത്യ കിരീടത്തിനായുള്ള ശ്രമം ഊര്‍ജിതമാക്കുന്നത്.
മാര്‍നസ് ലബുഷാന്റേതടക്കം നിര്‍ണായകമായ പല വിക്കറ്റുകളും നാലാം ദിവസം വീണിരുന്നു. അതില്‍ എടുത്ത് പറയേണ്ടത് സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനിന്റേത് തന്നെയാണ്.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മാജിക്കല്‍ ഡെലിവെറിയില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗ്രീന്‍ പുറത്താകുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ജഡ്ഡുവിന്റെ മൂന്നാം വിക്കറ്റാണിത്. സ്റ്റീവ് സ്മിത്തിനെയും ട്രാവിസ് ഹെഡിനെയുമാണ് ജഡ്ഡു രണ്ടാം ഇന്നിങ്‌സില്‍ ഇതിന് മുമ്പ് പുറത്താക്കിയത്.
ആദ്യ ഇന്നിങ്‌സിലെ സെഞ്ചൂറിയന്‍മാരായ സ്റ്റീവ് സ്മിത്തിനെയും ട്രാവിസ് ഹെഡിനെയും നഷ്ടപ്പെട്ട ഓസീസ് റണ്‍സ് ഉയര്‍ത്താനുള്ള ചുമതലയേല്‍പിച്ചത് കാമറൂണ്‍ ഗ്രീനിനെയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ അലക്‌സ് കാരിക്കൊപ്പം ആ ചുമതല താരം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
കൃത്യമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ക്രീസില്‍ നിലയുറപ്പിക്കുമ്പോഴായിരുന്നു ജഡേജ അവതരിക്കുന്നത്. 63ാം ഓവറിലെ അവസാന പന്തിലായിരുന്നു ഗ്രീനിനെ ഞെട്ടിച്ച അത്ഭുതം ജഡേജ ഒളിച്ചുവെച്ചത്.
ജഡേജയ്‌ക്കെതിരെ ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗ്രീനിന് പിഴയ്ക്കുകയായിരുന്നു. ബാറ്ററുടെ ഗ്ലൗസില്‍ കൊണ്ട പന്ത് വിക്കറ്റിലിടിക്കുകയും ഗ്രീന്‍ പുറത്താവുകയുമായിരുന്നു. ജഡേജയുടെ ടേണ്‍ തന്നെയാണ് ഗ്രീനിനെ പുറത്താക്കിയത്.
ടീം സ്‌കോര്‍ 167ല്‍ നില്‍ക്കവെയാണ് ഗ്രീന്‍ പുറത്താകുന്നത്. 95 പന്തില്‍ നിന്നും നാല് ബൗണ്ടറിയുടെ അകമ്പടിയോടെ 25 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്.
നിലവില്‍ 73 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 211 റണ്‍സിന് ആറ് എന്ന നിലയിലാണ്. 27 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും 71 പന്തില്‍ നിന്നും 47 റണ്‍സ് നേടിയ അലക്‌സ് കാരിയുമാണ് ക്രീസില്‍.
Content Highlight: Ravindra Jadeja dismiss Cameroon Green