| Monday, 6th May 2024, 8:30 am

ഈ സിംഹാസനത്തിന്‌ ഒരേയൊരു അവകാശി; ചരിത്രനേട്ടത്തിൽ ധോണിയെ വീഴ്ത്തി ഒന്നാമൻ ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 28 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ ചെന്നൈക്കായി ബാറ്റ്കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 26 പന്തില്‍ 43 റണ്‍സ് ആണ് ജഡേജ അടിച്ചെടുത്തത്.

ബൗളിങ്ങില്‍ നാല് ഓവറില്‍ 20 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളും ജഡേജ സ്വന്തമാക്കി. പഞ്ചാബ് താരങ്ങളായ പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ സാം കറന്‍, അശുതോഷ് ശര്‍മ എന്നിവരെ പുറത്താക്കിയാണ് ജഡേജ കരുത്ത് കാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ജഡേജ സ്വന്തമാക്കി.

ഇതോടെ ഒരു ചരിത്ര നേട്ടമാണ് ജഡേജയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമായി മാറാനാണ് ജഡേജയ്ക്ക് സാധിച്ചത്.

16 തവണയാണ് ചെന്നൈയുടെ മഞ്ഞ കുപ്പായത്തില്‍ ജഡേജ ഈ നേട്ടം സ്വന്തമാക്കുന്നത്. 15 തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഇന്ത്യന്‍ ഇതിഹാസനായകന്‍ എം.എസ് ധോണിയെ മറികടന്നു കൊണ്ടായിരുന്നു ജഡേജയുടെ മുന്നേറ്റം.

ജഡേജയ്ക്ക് പുറമേ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് 21 പന്തില്‍ 32 റണ്‍സ് ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 30 റണ്‍സും നേടി നിര്‍ണായകമായി. ബൗളിങ്ങില്‍ ജഡേജയ്ക്ക് പുറമേ സിമ്രജിത് സിങ്, തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം പഞ്ചാബ് ബൗളിങ്ങില്‍ രാഹുല്‍ ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റും അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റും നേടി. 20 മൂന്നു പന്തില്‍ 30 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ് ആണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍.

ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും ആറു വിജയവും അഞ്ചു തോല്‍വിയും അടക്കം 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈയ്ക്ക് സാധിച്ചു. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഏഴു തോല്‍വിയും അടക്കം എട്ട് പോയിന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്.

മെയ് ഒമ്പതിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം ധര്‍മശാലയിലാണ് മത്സരം നടക്കുക. മെയ് 10ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ചെന്നൈയുടെ എതിരാളികള്‍.

Content Highlight: Ravindra Jadeja create a new record in CSK

We use cookies to give you the best possible experience. Learn more