|

മുങ്ങിപ്പോയ ചെന്നൈ കപ്പലിനെ രക്ഷിച്ച കപ്പിത്താൻ; യുവിയുടെയും വാട്സന്റെയും നേട്ടത്തിനൊപ്പമാണ് ഇനി അവന്റെ സ്ഥാനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ ചെന്നൈക്കായി ബാറ്റ്‌കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 26 പന്തില്‍ 43 റണ്‍സ് ആണ് ജഡേജ അടിച്ചെടുത്തത്.

ബൗളിങ്ങില്‍ നാല് ഓവറില്‍ 20 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളും ജഡേജ സ്വന്തമാക്കി. പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ സാം കറന്‍, അശുതോഷ് ശര്‍മ എന്നിവരെ പുറത്താക്കിയാണ് ജഡേജ കരുത്ത് കാട്ടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മത്സരത്തില്‍ 40 റണ്‍സും 3+ വിക്കറ്റും നേടുന്ന താരമായി മാറാനാണ് സാധിച്ചത്. മൂന്ന് തവണയാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിംഗ് ഓസീസ് ഇതിഹാസം ഷെയ്ന്‍ വാട്‌സണ്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചു.

ജഡേജയ്ക്ക് പുറമേ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് 21 പന്തില്‍ 32 റണ്‍സ് ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 30 റണ്‍സും നേടി നിര്‍ണായകമായി. ബൗളിങ്ങില്‍ സിമ്രജിത് സിങ്, തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ ആറാം ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Ravindra Jadeja create a new record