ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കാണ്‍പൂരില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു. നാലാം ദിവസം ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിനാണ് പുറത്തായത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒരു ഐതിഹാസികമായ നേട്ടത്തിലേക്കാണ് കാലെടുത്തുവെച്ചത്. മത്സരത്തില്‍ ഒരു വിക്കറ്റാണ് ജഡേജ നേടിയത്. ഖാലിദ് അഹമ്മദിനെയാണ് ജഡേജ പുറത്താക്കിയത്. നാല് പന്തില്‍ റണ്‍സ് ഒന്നും എടുക്കാതെയാണ് ഖാലിദ് പുറത്തായത്. ജഡേജക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ബംഗ്ലാദേശ് താരം പുറത്തായത്.
ഇതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ എന്ന ചരിത്രനേട്ടത്തിലേക്കാണ് ജഡേജ നടന്നുകയറിയത്. ഇതോടെ മറ്റൊരു റെക്കോഡ് നേട്ടവും ജഡേജ സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ 3000+ റണ്‍സും 300+ വിക്കറ്റും നേടുന്ന താരമായി മാറാനാണ് ജഡേജക്ക് സാധിച്ചത്. 72 മത്സരങ്ങളില്‍ നിന്നുമാണ് ജഡേജ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 88 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനെ മറികടന്നുകൊണ്ടാണ് ജഡേജ ചരിത്രം കുറിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 3000+ റണ്‍സും 300+ വിക്കറ്റും നേടുന്ന താരം, മത്സരങ്ങളുടെ എണ്ണം, ടീം എന്നീ ക്രമത്തില്‍
രവീന്ദ്ര ജഡേജ-74-ഇന്ത്യ
ആര്‍. അശ്വിന്‍-88-ഇന്ത്യ
ഡാനിയല്‍ വെട്ടോറി-94-ന്യൂസിലാന്‍ഡ്
ഷെയ്ന്‍ വോണ്‍-142-ഓസ്ട്രേലിയ
ജഡേജക്ക് പുറമെ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
അതേസമയം സെഞ്ച്വറി നേടിയ മോമിനുല്‍ ഹഖിന്റെ കരുത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ 200 കടത്തിയത്. 194 പന്തില്‍ 107 റണ്‍സ് നേടിയാണ് മോമിനുല്‍ തിളങ്ങിയത്. 17 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 13ാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.
മോമിനുലിന് പുറമെ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 57 പന്തില്‍ 31 റണ്‍സും ഷാദ്മാന്‍ ഇസ്ലാം 36 പന്തില്‍ 24 റണ്‍സും നേടി മികച്ച ചെറുത്ത്നില്‍പ്പ് നടത്തി.
Content Highlight: Ravindra Jadeja Completed 300 Wickets in Test Cricket