ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഫോളോ ഓണും തോല്‍വിയും മുമ്പില്‍ കണ്ട നിമിഷത്തില്‍ നിന്നും ഇന്ത്യക്ക് സമനിലയിലേക്ക് ശ്വാസം നീട്ടിക്കിട്ടിയിരിക്കുകയാണ്.
ഇതിന് നാല് ബാറ്റര്‍മാരോടാണ് ഇന്ത്യന്‍ ആരാധകര്‍ കടപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും റിഷബ് പന്തും യശസ്വി ജെയ്‌സ്വാളും തുടങ്ങി ബാറ്റര്‍മാര്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ നിരാശപ്പെടുത്തിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ കെ.എല്‍. രാഹുലും മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയും ചെറുത്തുനിന്നു. ഒപ്പം വാലറ്റത്ത് ബുംറയും ആകാശ് ദീപും ഓസീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയപ്പോള്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീതിയും മറികടന്നു.
രാഹുല്‍ 139പന്തില്‍ 84 റണ്‍സ് നേടിയപ്പോള്‍ 123 പന്തില്‍ 77 റണ്‍സാണ് ജഡേജ നേടിയത്. ആകാശ് ദീപ് 27 റണ്‍സും ബുംറ പത്ത് റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രവീന്ദ്ര ജഡേജ സ്വന്തമാക്കിയിരുന്നു. ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയക്കെതിരെ ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോറിന്റെ നേട്ടമാണ് താരം സ്വന്തമാക്കിയത്.
FIFTY for @imjadeja ⚔️⚔️
A composed half-century for Jadeja, his 22nd in Test cricket.
Live – https://t.co/dcdiT9NAoa…… #AUSvIND pic.twitter.com/J7dLU8QOJQ
— BCCI (@BCCI) December 17, 2024
ചന്തു ബോര്‍ഡെയെന്നറിയപ്പെട്ടിരുന്ന ചന്ദ്രകാന്ത് ഗുലാബ്‌റാവു ബോര്‍ഡെയുടെ പേരിലാണ് ഈ നേട്ടമുണ്ടായിരുന്നത്. അന്ന് 63 റണ്‍സാണ് താരം സ്വന്തമാക്കിയത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ എം. ജയ്‌സിംഹക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന അഞ്ചാമത് ടെസ്റ്റ് സ്‌കോറിന്റെ റെക്കോഡും ജഡേജ സ്വന്തമാക്കി. റിഷബ് പന്ത് (159*), ദത്തു പട്കര്‍ (123), മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി (85), വി.വി.എസ് ലക്ഷ്മണ്‍ (79) എന്നിവരാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏഴാം നമ്പറില്‍ കളത്തിലിറങ്ങി ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
അതേസമയം, നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 എന്ന നിലയിലാണ് ഇന്ത്യ.
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
ഓസ്‌ട്രേലിയ: 445
ഇന്ത്യ: 252/9
നിലവില്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്‌ട്രേലിയ ഇതിന് ശ്രമിക്കാന്‍ സാധ്യതയില്ല.
അതേസമയം, ഗാബയില്‍ പരാജയമൊഴിവാക്കി ശേഷിച്ച മത്സരങ്ങള്‍ വിജയിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇനി രണ്ട് ടെസ്റ്റുകളാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലും ഇന്ത്യക്ക് കളിക്കാനുള്ളത്.
പരമ്പരയിലെ നാലാമത് മത്സരമായ ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം. സിഡ്നിയാണ് വേദി.
Content Highlight: Ravindra Jadeja breaks 56-year-old record of Chandu Borde in Gabba