| Friday, 10th February 2023, 8:35 am

സ്മിത്തിന്റെ മുറിവില്‍ മുളക് തേച്ച് ജഡേജ; ഇത് ചരിത്രത്തിലാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിയെ ആദ്യ ദിവസത്തിലെ ഷോ സ്റ്റീലര്‍ ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ ഓസീസിന് മേല്‍ ഇടിത്തീയായത്.

ലഞ്ചിന് മുമ്പ് ശാന്തനായിരുന്നു ജഡേജ. വിക്കറ്റുകള്‍ക്ക് പിറകെ പോകാതെ മെയ്ഡനുകളെറിഞ്ഞ് എതിരാളികളെ വെള്ളം കുടിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം താരം ആകെ ഭാവം മാറുകയായിരുന്നു. തന്റെ അഞ്ച് വിക്കറ്റും ലഞ്ചിന് ശേഷമാണ് ജഡേജ വീഴ്ത്തിയത്.

വന്‍ തകര്‍ച്ചയില്‍ നിന്നും കങ്കാരുക്കളെ ഉയര്‍ത്തിക്കൊണ്ടുവന്ന ലബുഷാന്റെയും സ്മിത്തിന്റെയും കൂട്ടുകെട്ട് തകര്‍ത്താണ് ജഡേജ വെടിക്കെട്ട് തുടങ്ങിവെച്ചത്. അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലബുഷാനെ സ്‌കോര്‍ 49ല്‍ നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തിന്റെ സഹായത്തോടെ ജഡേജ പുറത്താക്കുകയായിരുന്നു.

ലബുഷാന്‍ പുറത്തായ ഞെട്ടല്‍ മാറും മുമ്പേ ഓസീസിന് അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി അടുത്ത പന്തില്‍ തന്നെ ജഡേജ വീണ്ടും വിക്കറ്റ് വീഴ്ത്തി. മാറ്റ് റെന്‍ഷോ ആയിരുന്നു ഇത്തവണ ജഡ്ഡുവിന്റെ ടേണിന്റെ കരുത്തറിഞ്ഞത്.

സ്റ്റീവ് സ്മിത്തിനായിരുന്നു അടുത്ത ഊഴം. 42ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ജഡേജ സ്മിത്തിനെ പുറത്താക്കിയത്. ഓവറിലെ നാലും അഞ്ചും പന്തുകള്‍ കൃത്യമായി ഡിഫന്‍ഡ് ചെയ്ത സ്മിത്ത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തിലാണ് അവസാന പന്ത് ജഡേജ മെനഞ്ഞെടുത്തത്. അവസാന പന്തില്‍ ഔട്ടായ ശേഷം അമ്പരന്ന് നില്‍ക്കാന്‍ മാത്രമായിരുന്നു സ്മിത്തിന് സാധിച്ചത്.

ഇതോടെ ഒരു വമ്പന്‍ നേട്ടവും ജഡ്ഡുവിന്റെ പേരില്‍ പിറന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ മൂന്ന് തവണ പുറത്താക്കുന്ന ആദ്യത്തെ ബൗളര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇതിന് ശേഷം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും ടോഡ് മർഫിയെയും മടക്കിയാണ് ജഡേജ അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.

ജഡേജക്ക് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സിറാജും ഷമിയും ബൗളിങ്ങില്‍ തിളങ്ങിയതോടെ കങ്കാരുക്കള്‍ 177ന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 24 ഓവറില്‍ 77ന് ഒന്ന് എന്ന നിലയിലാണ്. 20 റണ്‍സ് നേടിയ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അര്‍ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്ണൊന്നുമെടുക്കാതെ അശ്വിനുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content Highlight: Ravindra Jadeja becomes the first bowler to dismiss Steve Smith thrice in tests

We use cookies to give you the best possible experience. Learn more