| Monday, 9th January 2023, 11:22 am

അക്‌സര്‍ മെയ്‌നാവുന്നു, ഇനിയും വൈകിയാല്‍ പണിപാളും; തിരിച്ചുവരവിനൊരുങ്ങി ജഡ്ഡു

സ്പോര്‍ട്സ് ഡെസ്‌ക്

മൈതാനത്ത് നിന്നും ഏറെ നാള്‍ വിട്ടുനിന്നതിന് ശേഷം രവീന്ദ്ര ജഡേജ തിരിച്ചുവരവിനൊരുങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് ടീമില്‍ തിരിച്ചെത്താനാണ് ജഡേജ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരിച്ചുവരവിന്റെ ഭാഗമായി താരം ഫിറ്റ്‌നെസ് ടെസ്റ്റിനായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ)യില്‍ എത്തിയിട്ടുണ്ട്.

ഫിറ്റ്‌നെസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ വരാനിക്കുന്ന പരമ്പരയില്‍ ജഡേജ ഉള്‍പ്പെട്ടേക്കും. ഈ വര്‍ഷം ഏകദിന ലോകകപ്പും നടക്കുന്നതിനാല്‍ ഇനിയുള്ള ഒറ്റ ഏകദിന മത്സരങ്ങളും നഷ്ടപ്പെടാതിരിക്കാനാകും ജഡേജ ശ്രമിക്കുക.

പരിക്കിന്റെ പിടിയിലകപ്പെട്ടതോടെ 2022 ഏഷ്യാ കപ്പിന് ശേഷം ജഡേജക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. കാല്‍മുട്ടിനേറ്റ പരിക്കിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലും ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലും ജഡേജക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

എന്‍.സി.എയില്‍ ഫിസിയോ നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലാവും ജഡേജയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് നടക്കുക. വി.വി.എസ്. ലക്ഷ്മണാണ് അന്തിമ തീരുമാനമെടുക്കുക.

അതേസമയം, ജഡേജക്ക് പകരക്കാരനായി ടീമില്‍ ഇടം നേടിയ അക്‌സര്‍ പട്ടേല്‍ ഓള്‍ റൗണ്ടര്‍ എന്ന രീതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുത്തതും അക്‌സറിനെ തന്നെയായിരുന്നു.

താന്‍ ഒരു ഡിപ്പന്‍ഡബിള്‍ ഓള്‍ റൗണ്ടറാണെന്നും ജഡേജക്ക് പരിക്കേല്‍ക്കുമ്പോള്‍ മാത്രം വിളിക്കേണ്ടവനെല്ലെന്നും വ്യക്തമാക്കുന്ന പ്രകടനമായിരുന്നു അക്‌സര്‍ നടത്തിയത്.

ഇന്ത്യന്‍ ടീമില്‍ ജഡേജയുടെ അഭാവം അക്‌സര്‍ മറികടക്കുന്നുണ്ടെന്നായിരുന്നു മുന്‍ താരങ്ങളുള്‍പ്പടെ അക്‌സറിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇരുവരും ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറും ഇടം കയ്യന്‍ ബാറ്ററുമായതിനാല്‍ ഇരുവര്‍ക്കും ഒരുപോലെ അവസരം ലഭിക്കാനും സാധ്യത കുറവാണ്. ജഡേജ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായാലും സെലക്ടര്‍മാര്‍ ഇക്കാര്യവും പരിഗണിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഇക്കഴിഞ്ഞ ദിവസം അധികാരമേറ്റ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

Content highlight: Ravindra Jadeja announces comeback after injury

We use cookies to give you the best possible experience. Learn more