| Friday, 17th February 2023, 9:03 am

ഒരു പണീം ഇല്ലാത്ത അവന്‍മാരോടൊക്കെ അത്രയേ പറയാനുള്ളൂ, മുഖം നോക്കിയല്ല ടീമിലെടുക്കുന്നത്, മനസിലായോ; തുറന്നടിച്ച് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം മത്സരത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഫെബ്രുവരി 17ന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആദ്യ ടെസ്റ്റിലെ അതേ പ്രകടനം തന്നെ ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

സ്പിന്നര്‍മാരായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. അശ്വിനും ജഡേജയും അടങ്ങുന്ന സ്പിന്‍ നിര കങ്കാരുക്കളെ ഒന്നടങ്കം കറക്കി വീഴ്ത്തി.

ഇതേ തന്ത്രം തന്നെയാകും ഇന്ത്യ രണ്ടാം മത്സരത്തിലും തുടരുക. ഇവര്‍ രണ്ട് പേരും മാത്രമാണോ, അതോ കുല്‍ദീപ് യാദവും രണ്ടാം മത്സരത്തിലിറങ്ങുമോ എന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മത്സരത്തിന് മുമ്പ് ജഡേജയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ട്രോളുകളെ കുറിച്ചും ട്രോളന്‍മാരെ കുറിച്ചും സംസാരിക്കുകയാണ് ജഡേജ.

ഒരു പണിയുമില്ലാതെ കമ്പ്യൂട്ടറിന് മുമ്പിലിരിക്കുന്നവരാണ് ഇത്തരത്തില്‍ ട്രോളുകള്‍ ഉണ്ടാക്കുന്നതെന്നും അതൊന്നും തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും ജഡേജ പറഞ്ഞു.

‘കമ്പ്യൂട്ടറിന് മുമ്പിലിരിക്കുന്ന, വേറെ ഒരു പണിയും ഇല്ലാത്ത മടിയന്‍മാരാണ് ഈ മീമുകളും ട്രോളുകളും ഉണ്ടാക്കുന്നത്. അവരുടെ മനസില്‍ തോന്നിയതൊക്കെ അവര്‍ എഴുതി വിടുകയാണ്.

ഉള്ളത് ഉള്ളതുപോലെ പറയുകയാണെങ്കില്‍ അതൊന്നും തന്നെ എന്നെ ബാധിക്കാറില്ല. ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചേരുന്നതിന് എനിക്ക് എന്തൊക്കെ ചെയ്യേണ്ടിവന്നുവെന്ന് അവര്‍ക്കറിയില്ല.

ഞാന്‍ ഐ.പി.എല്‍ കളിച്ച് പണംവാരുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നെ വിശ്വസിക്കൂ, ഐ.പി.എല്ലില്‍ നിങ്ങളുടെ മുഖം കണ്ടല്ല ടീമിലെടുക്കുന്നത്,’ ജഡേജ പറഞ്ഞു.

അതേസമയം, ദല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ജഡേജയുടെ ഓള്‍ റൗണ്ട് മികവ് ഇന്ത്യയെ തുണക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടിയ ജഡേജ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ഏയ്‌സാകുമെന്ന കാര്യത്തില്‍ സംശയമില്ല.

രണ്ടാം ടെസ്റ്റിലും വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.

Content Highlight: Ravindra Jadeja about trolls

Latest Stories

We use cookies to give you the best possible experience. Learn more