| Saturday, 21st December 2024, 11:21 am

കാലങ്ങളായി ഒപ്പമുണ്ടായിരുന്നവര്‍, എന്നിട്ടും അതേ കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല; ഞെട്ടിപ്പോയെന്ന് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനില നേടിയെന്ന വാര്‍ത്ത ആവേശത്തോടെ കേട്ട ആരാധകരെ നിരാശരാക്കിയാണ് സൂപ്പര്‍ താരം ആര്‍. അശ്വിന്‍ അന്ത്രാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഗാബ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറും അശ്വിന്റെ ബൗളിങ് പാര്‍ട്ണറുമായ രവീന്ദ്ര ജഡേജ. അശ്വിന്റെ തീരുമാനമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും ആ ദിവസം മുഴുവന്‍ ഒപ്പമുണ്ടായിരുന്നിട്ടും വിരമിക്കലിനെ കുറിച്ച് ഒരു സൂചന പോലും അശ്വിന്‍ തന്നില്ലെന്നും ജഡേജ പറയുന്നു.

ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവസാന നിമിഷം മാത്രമാണ് ഞാന്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് അറിഞ്ഞത്. പത്രസമ്മേളനത്തിന് അഞ്ച് മിനിട്ട് മുമ്പ്. ഞാന്‍ ഞെട്ടിപ്പോയി.

ഞങ്ങളൊന്നിച്ചാണ് ആ ദിവസം മുഴുവന്‍ ചെലവഴിച്ചത്. അതേ കുറിച്ച് ഒരു ചെറിയ സൂചന പോലും അശ്വിന്‍ എനിക്ക് നല്‍കിയില്ല. അശ്വിന്റെ ചിന്തകള്‍ എങ്ങനെയായിരിക്കുമെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ (ചിരി),’ ജഡേജ പറഞ്ഞു.

ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളിങ് ഡുവോയാണ് അശ്വിനും ജഡേജയും. ഒന്നിച്ച് 58 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച ഇരുവരും ചേര്‍ന്ന് 587 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ ബൗളിങ് പെയറും ഇവര്‍ തന്നെ.

‘വര്‍ഷങ്ങളായി ഞങ്ങള്‍ ബൗളിങ് പാര്‍ട്ണര്‍മാരാണ്. പരസ്പരം എല്ലായ്‌പ്പോഴും അഭിനന്ദിച്ചിരുന്നു. ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് ബാറ്റര്‍മാര്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാറുള്ളത്. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മിസ് ചെയ്യും,’ ജഡേജ പറഞ്ഞു.

കരിയറിലെ ഒരു സുപ്രധാന നേട്ടം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടത്തിന് വെറും അഞ്ച് വിക്കറ്റ് അകലെയാണ് അശ്വിന്‍ വിരമിച്ചത്.

അശ്വിന്‍ പടിയിറങ്ങിയതോടെ താരത്തിന്റെ ഏറ്റവും വലിയ റൈവലായ നഥാന്‍ ലിയോണും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സുമാണ് ഈ നേട്ടത്തിലേക്ക് കണ്ണുവെക്കുന്നത്. പത്ത് വിക്കറ്റ് നേടിയാല്‍ ലിയോണിനും 11 വിക്കറ്റെടുത്താല്‍ കമ്മിന്‍സിനും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിക്കറ്റ് വീഴ്ത്തി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 78 – 195

നഥാന്‍ ലിയോണ്‍ – ഓസ്ട്രേലിയ – 82 – 190

പാറ്റ് കമ്മിന്‍സ് – ഓസ്ട്രേലിയ – 84 – 189

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 79 – 161

ജസ്പ്രീത് ബുംറ – ഇന്ത്യ – 63 – 145

കഗിസോ റബാദ – സൗത്ത് ആഫ്രിക്ക – 55 – 143

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് -63 – 134

Content highlight: Ravindra Jadeja about R Ashwin’s retirement

We use cookies to give you the best possible experience. Learn more