ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം വാംഖഡെ സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 235 റണ്‍സിന് പുറത്തായി. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മികച്ച ബൗളിങ് പ്രകടനമാണ് ന്യൂസിലാന്‍ഡിന്റെ നടുവൊടിച്ചത്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് ജഡേജ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്.
Stumps on the opening day of the Third Test in Mumbai.#TeamIndia move to 86/4 in the 1st innings, trail by 149 runs.
ഇപ്പോള്‍ കിവികള്‍ക്കെതിരായ പരമ്പര പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ജഡേജ. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന് ശേഷം സംസാരിക്കുകയായിരുന്നു ജഡേജ.
‘ഞങ്ങള്‍ 18 ടെസ്റ്റ് പരമ്പരകള്‍ (ഹോം കണ്ടീഷനില്‍) വിജയിച്ചു. ഞാന്‍ ടെസ്റ്റ് കളിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരിക്കലും ഇന്ത്യയില്‍ പരാജയപ്പെടില്ല എന്നാണ് കരുതിയത്. എല്ലായ്‌പ്പോഴും ഈ ഭയം എന്നിലുണ്ടായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ പലപ്പോഴും നിങ്ങള്‍ ഏറ്റവുമധികം പേടിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ തേടിയെത്തും,’ ജഡേജ പറഞ്ഞു.
ജഡേജ പറഞ്ഞതുപോലെ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ഭയന്നതും ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയുടെ പരാജയമായിരുന്നു. 2012 ഡിസംബറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം ഒരിക്കല്‍പ്പോലും ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ അടിയറവ് പറഞ്ഞിട്ടില്ല.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കാര്യങ്ങള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് മത്സരം പോലും വിജയിക്കാതിരുന്ന ന്യൂസിലാന്‍ഡ് ഇവിടെയെത്തി പരമ്പരയും സ്വന്തമാക്കി.
അതേസമയം, മൂന്നാം ടെസ്റ്റിലും ഇന്ത്യയുടെ തന്ത്രങ്ങള്‍ പാടെ പിഴയ്ക്കുന്ന കാഴ്ചയാണ് വാംഖഡെയില്‍ കാണുന്നത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 89ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 149 റണ്‍സിന് പിറകിലാണ് ആതിഥേയര്‍.
യശസ്വി ജെയ്‌സ്വാള്‍ (52 പന്തില്‍ 30), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18 പന്തില്‍ 18), മുഹമ്മദ് സിറാജ് (ഗോള്‍ഡന്‍ ഡക്ക്), വിരാട് കോഹ്‌ലി (ആറ് പന്തില്‍ നാല്) എന്നിവരാണ് പുറത്താക്കിയത്. 38 പന്തില്‍ 31 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ഒരു പന്തില്‍ ഒരു റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.