| Monday, 7th August 2017, 12:48 pm

'ക്വിറ്റ് മോദി' എന്ന മുദ്രാവാക്യമാണ് ഇനി ഇന്ത്യ വിളിക്കേണ്ടത്: ജസ്റ്റിസ് രവീന്ദര്‍ സച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ “ക്വിറ്റ് മോദി” എന്ന മുദ്രാവാക്യമാണ് രാജ്യം വിളിക്കേണ്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രവീന്ദര്‍ സച്ചാര്‍. മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലൂടെ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ തുറന്നുകാട്ടിയാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെയ്ക്കുന്നത്.

അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യത്തിലാണ് രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഭരണകര്‍ത്താക്കള്‍ മതേതര സോഷ്യലിസ്റ്റ സങ്കല്‍പ്പങ്ങള്‍ ഭരണഘടനയില്‍ നിന്നുപോലും നീക്കം ചെയ്യാന്‍ മോഹിക്കുന്ന ചരിത്ര സന്ധിയിലാണ് രാജ്യം. ഫലപ്രദമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷവും പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

“അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യത്തിലാണ് രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇന്ദിര ഗാന്ധി ചെയ്തതുപോലെ ഈ ഭരണകൂടം നേര്‍ക്കുനേര്‍ ഒരു അടിയന്തരാവസ്ഥ ഇനി പ്രഖ്യാപിക്കുകയില്ല. അടിയന്തരാവസ്ഥയില്‍ നിന്ന് ഭിന്നവും ഭീതിദവുമാണ് കാര്യങ്ങള്‍. രാജ്യത്ത് പ്രതിപക്ഷം ഇല്ലാത്തതുതന്നെ ഇതില്‍ പ്രധാനം. പല തരത്തിലുമുള്ള തെറ്റായ നിയമങ്ങളും രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നു. ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളെല്ലാം ഹിന്ദുത്വവുമായി ബന്ധപ്പെട്ടവ മാത്രമാണ്. അവയില്‍ പലതും നമ്മെ അമ്പരപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണ്. ചരിത്രത്തെ അവര്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ചരിത്രപാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമര ചരിത്രവും ഇങ്ങനെ മാറ്റിയെഴുതുന്നവയില്‍പ്പെടും. ഒട്ടും നാണമില്ലാത്തവരാണവര്‍. നാണമില്ലാത്തവര്‍ക്ക് എന്തും മാറ്റിയെഴുതാന്‍ കഴിയും” അദ്ദേഹം പറയുന്നു.


Must Read: പശുവിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്നിടങ്ങളില്‍ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ പോലും കയറി നോക്കാത്ത ജെയ്റ്റ്‌ലിയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്: നിയമസഭയില്‍ ആഞ്ഞടിച്ച് കെ. മുരളീധരന്‍


ഭരണഘടനയുടെ അനുച്ഛേദത്തിനും ആമുഖത്തിനുമെതിരെയാണ് ഇപ്പോഴത്തെ ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. മതേതര സോഷ്യലിസ്റ്റ് സമൂഹമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇതിനെല്ലാം വിരുദ്ധമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഈ രീതിയില്‍ മുന്നോട്ടുപോകുമ്പോഴും പേടിച്ചരണ്ട അവസ്ഥയിലാണ് പ്രതിപക്ഷമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. “പ്രതിപക്ഷം നിസ്സാര പ്രശ്‌നങ്ങളില്‍ വിഹരിച്ചുകൊണ്ടിരിക്കുകയാണ്.” അദ്ദേഹം പറയുന്നു. ” പ്രതിപക്ഷമെവിടെ എന്നു ചോദിച്ചുപോകുന്ന സ്ഥിതിവിശേഷം. രാജ്യമെങ്ങും അത്യന്തം ആപത്കരമായ സാഹചര്യം സംജാതമായിട്ടും ആകെക്കൂടി പ്രതിപക്ഷം വല്ലതും പറയുന്നത് പാര്‍ലമെന്റില്‍ മാത്രമാണ്. പാര്‍ലമെന്റിന് പുറത്ത് അവരൊന്നും സംസാരിക്കുന്നില്ല.” അദ്ദേഹം വിശദീകരിക്കുന്നു.

ഈ പത്രതിസന്ധി മറികടക്കാന്‍ ജാഗ്രതയോടെ പൊരുതേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “ജാഗ്രതയോടെ പൊരുതേണ്ട സമയമാണിത്. പൊരുതാന്‍ കെല്‍പുള്ളവര്‍ രാജ്യത്തുണ്ട്. രാജ്യത്തെ ട്രേഡ് യൂനിയനുകള്‍ അതില്‍പെട്ടതാണ്. ഇന്നും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമാണ് ട്രേഡ് യൂണിയനുകള്‍ നിയന്ത്രിക്കുന്നത്്. ഇവ വിശ്വാസ്യത നഷ്ടപ്പെടുത്തിയതാണ് നമ്മുടെ ദുരന്തം. സര്‍ക്കാര്‍ ഒരു കൂടിയാലോചനക്ക് വിളിച്ചാല്‍ സന്തുഷ്ടരാകുന്ന നേതാക്കളില്‍നിന്നും ട്രേഡ് യൂനിയനുകള്‍ പോരാട്ടത്തിന്റെ വഴികളിലേക്ക് ഇറങ്ങേണ്ടതുണ്ട്.” എന്നു പറയുന്ന അദ്ദേഹം മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്താനും ആവശ്യപ്പെടുന്നു.

“പ്രതിപക്ഷത്തെ എല്ലാവരും ഒരുമിച്ച് പോരാട്ടവുമായി മുന്നോട്ടുപോകുക. ത്രാണിയുള്ള മമതയെ മുന്നില്‍ നിര്‍ത്തുക.” അദ്ദേഹം വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more