ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ചെന്നൈയുടെ തട്ടകമായചെപ്പോക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടാന്‍ സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈക്ക് വേണ്ടി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 41 പന്തില്‍നിന്ന് 42 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രചിന്‍ രവീന്ദ്ര 18 പന്തില്‍ 27 റണ്‍സ് നേടിയാണ് മടങ്ങിയത്. ഡാരില്‍ മിച്ചല്‍ 13 പന്തില്‍ 22 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയാണ് പിന്‍വാങ്ങിയത്. മൊയീന്‍ അലി 10 റണ്‍സും ശിവം ദുബെ 18 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധ നേടിയ വിക്കറ്റ് രവീന്ദ്ര ജഡേജയുടേതായിരുന്നു. ഒബസ്ട്രാക്റ്റിങ് ഫീല്‍ഡിലൂടെയാണ് താരം പുറത്തായത്. ആവേശ് ഖാന്‍ എറിഞ്ഞ പന്തില്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിച്ച് ക്രീസിലെത്താന്‍ ഓടിയപ്പോള്‍ സഞ്ജു സ്റ്റംമ്പിന് എറിയുകയായിരുന്നു.
എന്നാല്‍ പന്ത് സ്റ്റംമ്പിനെ തട്ടുമെന്നിരിക്കെ പിച്ചിലൂടെ ഓടിയ ജഡേജയുടെ കൈക്ക് കൊള്ളുകയായിരുന്നു. ഇത് അപ്പീല്‍ ചെയ്തപ്പോള്‍ തേഡ് അമ്പയര്‍ രാജസ്ഥാന് അനുകൂലമായി വിധി പറയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. പുറത്താകാതെ 35 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 47 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.
തുടക്കത്തിലെ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ ചെന്നൈ ബൗളര്‍മാര്‍ വലിഞ്ഞു മുറുക്കുകയായിരുന്നു. സിമര്‍ജീത്തിന് പുറമേ തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളില്‍ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
Content Highlight: Ravidra Jadeja Wicket While Obstructing Field