| Saturday, 10th June 2023, 3:49 pm

വെറും സ്പിന്നറല്ല, ഇടംകയ്യന്‍ സ്പിന്നര്‍; ഇതിഹാസമേ ക്ഷമിക്കൂ, ജഡേജക്ക് മുമ്പില്‍ വീണുടഞ്ഞ് ആ റെക്കോഡും

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കളി ഏകപക്ഷീയമാകുമെന്ന് തോന്നിച്ചെങ്കിലും അജിന്‍ക്യ രഹാനെയുടെയും ഷര്‍ദുല്‍ താക്കൂറിന്റെയും പ്രകടനം ഇന്ത്യക്ക് തുണയായി. ഫോളോ ഓണ്‍ ഭീതിയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തത് ഇരുവരുടെയും അര്‍ധ സെഞ്ച്വറികളാണ്.

ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഏര്‍ളി വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഇന്ത്യ കിരീടമോഹം സജീവമാക്കി.

ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ഡേവിഡ് വാര്‍ണറും 24ല്‍ നില്‍ക്കവെ ഉസ്മാന്‍ ഖവാജയും പുറത്തായി. മുഹമ്മദ് സിറാജ് വാര്‍ണറിനെ ഒറ്റ റണ്‍സിന് മടക്കിയപ്പോള്‍ ഉമേഷ് യാദവാണ് 13 റണ്‍സെടുത്ത ഖവാജയെ പുറത്താക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ നിലംപരിശാക്കിയ രണ്ട് സെഞ്ചൂറിയന്‍മാരെയും ഓസീസിന് ആദ്യ ദിവസം തന്നെ നഷ്ടമായി. രവീന്ദ്ര ജഡേജയാണ് ഇരുവരെയും മടക്കിയത്.

47 പന്തില്‍ നിന്നും 34 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിനെ ഷര്‍ദുല്‍ താക്കൂറിന്റെ കൈകളിലെത്തിച്ച് മടക്കിയ ജഡേജ, 18 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ റിട്ടേണ്‍ ക്യാച്ചായും മടക്കി.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ജഡ്ഡുവിനെ തേടിയെത്തിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇടംകയ്യന്‍ സ്പിന്നര്‍ എന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദിയുടെ റെക്കോഡ് മറികടന്നുകൊണ്ടാണ് ജഡേജ ഈ നേട്ടത്തിന് നേരെ തന്റെ പേരെഴുതിച്ചേര്‍ത്തത്.

സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ബേദിക്കൊപ്പമെത്തിയ ജഡേജ, ഹെഡിനെ പുറത്താക്കി ബേദിയെ മറികടക്കുകയും ചെയ്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍

(താരം – രാജ്യം – വിക്കറ്റ് എന്ന ക്രമത്തില്‍)

രംഗന ഹെറാത്ത് – ശ്രീലങ്ക – 433

ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 362

ഡെറക് അണ്ടര്‍വുഡ് – ഇംഗ്ലണ്ട് – 297

രവീന്ദ്ര ജഡേജ – ഇന്ത്യ – 267

ബിഷന്‍ സിങ് ബേദി – ഇന്ത്യ – 266

അതേസമയം, നാലാം ദിവസം കളിയാരംഭിച്ച ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെയാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. 126 പന്തില്‍ നിന്നും 41 റണ്‍സ് നേടി നില്‍ക്കവെയാണ് ലബുഷാന്‍ പുറത്താകുന്നത്. ഉമേഷ് യാദവിന്റെ പന്തില്‍ ചേതേശ്വര്‍ പൂജാരക്ക് ക്യാച്ച് നല്‍കിയാണ് ലബുഷാന്‍ പുറത്തായത്.

View this post on Instagram

A post shared by ICC (@icc)

നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 135 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 51 പന്തില്‍ നിന്നും 14 റണ്‍സുമായി കാമറൂണ്‍ ഗ്രീനും നാല് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി അലക്‌സ് കാരിയുമാണ് ക്രീസില്‍.

Content highlight: Ravidndra Jadeja surpasses Bishen Singh Bedi

We use cookies to give you the best possible experience. Learn more