| Thursday, 22nd August 2019, 11:01 am

ദല്‍ഹിയിലെ ദളിതരുടെ പ്രക്ഷോഭം: ചന്ദ്രശേഖര്‍ ആസാദും മറ്റ് 90 പേരും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് നൂറ്റാണ്ടിലധികമായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ദല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ദളിതര്‍ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 91 പേര്‍ അറസ്റ്റില്‍. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിടുകയും ചെയ്‌തെന്നും ആക്രമണത്തില്‍ 15 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ആസാദിനെ രാത്രി തന്നെ ചോദ്യം ചെയ്‌തെന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മൊയി ബിസ്വാല്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റിലായവര്‍ക്കെതിരെ ലഹളയുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്നാണ് ബിസ്വാല്‍ പറയുന്നത്. അറസ്റ്റിലായവരില്‍ ഒരാളുടെ പക്കല്‍ പിസ്റ്റള്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

‘ അത് ലൈസന്‍സുള്ള തോക്കാണെന്നു തോന്നുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ലൈസന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.’ എന്നും പൊലീസ് പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ദല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയത്.

നീലത്തൊപ്പി ധരിച്ചും പതാക ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ ഝന്തേവാലനിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നു തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ദല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരുന്നു. സുപ്രീം കോടതി ഉത്തരവിനെതിരെയല്ല മറിച്ച് ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്‌ക്കെതിരെയാണ് ഈ പോരാട്ടമെന്നാണ് ഗൗതം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ദളിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് ഞാന്‍ ഇവിടെ എത്തിയത്. മന്ത്രിയെന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. ഞങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ ആദരിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ദളിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണം.’ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ചിലര്‍ രാംലീല മൈതാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്. രവിദാസ് ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13ന് പഞ്ചാബില്‍ ദളിതര്‍ സമാനമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more