| Thursday, 22nd August 2019, 2:19 pm

വനഭൂമിയില്‍ നിര്‍മ്മിച്ചതിനാണ് ക്ഷേത്രം തകര്‍ത്തതെങ്കില്‍ ശബരിമലയും തകര്‍ക്കണം; രവിദാസ് മന്ദിര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദളിതര്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഇരട്ടത്താപ്പെന്ന ചോദ്യവുമായി രവിദാസ് മന്ദിര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദളിതര്‍. രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് തങ്ങളോട് മറ്റെവിടെയെങ്കിലും സ്ഥലം അനുവദിക്കാമെന്ന് പറയുന്നതെന്നും അവര്‍ ചോദിക്കുന്നു.

‘ ഞങ്ങളുടെ ക്ഷേത്രം മാറ്റി സ്ഥാപിക്കണമെന്ന് നിസാരമായി പറയുന്നവര്‍ തന്നെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി രാമക്ഷേത്രത്തിനുവേണ്ടി സമരം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാരുടെ കാര്യം വരുമ്പോള്‍ എന്തിനാണ് ഈ ഇരട്ടത്താപ്പ്.’ ഹരിയാനയില്‍ നിന്നുള്ള പ്രതിഷേധക്കാരെ നയിച്ച ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റ് രാകേഷ് ബഹദൂര്‍ ചോദിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രവിദാസ് തങ്ങളെ സംബന്ധിച്ച് സാധാരണ ടി.വി ഗുരുവല്ലെന്നും തങ്ങളുടെ ആത്മീയ ഗുരുവാണെന്നും ആന്ധ്രയില്‍ നിന്നുള്ള ദളിത് ബഹുജന്‍ ഗ്രൂപ്പ് പ്രവര്‍ത്തകനായ ബിനോയ് കോരിവി ചോദിക്കുന്നു. വനഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് രവിദാസ് മന്ദിര്‍ തകര്‍ത്തത്. അത് മറ്റിടത്തുകൂടി നടപ്പിലാക്കുകയാണെങ്കില്‍ ശബരിമല, തിരുപ്പതി ക്ഷേത്രങ്ങളും ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ആശ്രവുവുമെല്ലാം തകര്‍ക്കേണ്ടിവരുമെന്നും അദ്ദേഹം വാദിച്ചു.

പ്രതിഷേധം അക്രമാസക്തമായി എന്നു പറഞ്ഞ് പൊലീസ് നൂറോളം ദളിത് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമത്തിനു കാരണം ഭരണകൂടമാണെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ദളിത് നേതാക്കള്‍ പറയുന്നത്.

‘വാടകയ്‌ക്കെടുത്ത ഗുണ്ടകളെക്കൊണ്ടല്ല ഞങ്ങളുടെ സമരം നടത്തിയത്. ക്ഷേത്രം തകര്‍ത്തതില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ വേദനയുടെ ഫലമാണ് ആ പ്രക്ഷോഭം. ഞങ്ങള്‍ക്കുമേല്‍ അതിക്രമം കാട്ടിയിട്ട് ഏപ്രില്‍ രണ്ടിലെ ഭാരത ബന്ദ് പ്രതിഷേധത്തിനും ഇത്തരം വ്യാഖ്യാനം നല്‍കിയിരുന്നു.’ ദളിത് ആക്ടിവിസ്റ്റായ അശോക് ഭാരതി പറയുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ദല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയത്.

നീലത്തൊപ്പി ധരിച്ചും പതാക ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ ഝന്തേവാലനിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നു തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ദല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരുന്നു. സുപ്രീം കോടതി ഉത്തരവിനെതിരെയല്ല മറിച്ച് ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്‌ക്കെതിരെയാണ് ഈ പോരാട്ടമെന്നാണ് ഗൗതം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ദളിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് ഞാന്‍ ഇവിടെ എത്തിയത്. മന്ത്രിയെന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. ഞങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ ആദരിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ദളിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണം.’ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ചിലര്‍ രാംലീല മൈതാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്. രവിദാസ് ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13ന് പഞ്ചാബില്‍ ദളിതര്‍ സമാനമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more