വിരമിക്കലിന്റെ കാരണം തനിക്കറയില്ലെന്നും മികച്ച റെക്കോഡുകള്‍ ഉണ്ടായിട്ടും പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുന്നതാവാം വിരമിക്കലിന്റെ കാരണമെന്നും രവിചന്ദ്രന്‍ പറഞ്ഞു. മാത്രമല്ല അപമാനിക്കപ്പെടുന്നതിലും നല്ലത് വിരമിക്കുന്നതാണെന്നും അശ്വിന്റെ പിതാവ് സൂചിപ്പിച്ചു.
അശ്വിന്റെ വിരമിക്കലിനെക്കുറിച്ച് പിതാവ് പറഞ്ഞത്
‘അവസാന നിമിഷമാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന കാര്യം ഞാനും അറിഞ്ഞത്. അവന്റെ മനസില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു. അതല്ലാതെ മറ്റ് വികാരങ്ങളൊന്നും എനിക്കതില്‍ ഇല്ല. എന്നാല്‍ അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കിലും മറ്റൊരു വശം ചിന്തിക്കുമ്പോള്‍ കുറച്ചുകാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി.
അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. മികച്ച റെക്കോഡുണ്ടായിട്ടും പലപ്പോഴും പ്ലേയിങ് ഇലവനില്‍ നിന്നൊഴിവാക്കുന്നത് അവന് അപമാനമായി തോന്നിയിട്ടുണ്ടാവാം. വിരമിക്കാനുള്ള തീരുമാനം അവന്റെ ആഗ്രഹപ്രകാരമാണ്. അതില്‍ എനിക്ക് ഇടപെടാനാകില്ല. പക്ഷെ അത് ഇത്രയും വേഗത്തിലാവാന്‍ കാരണം പലതുമുണ്ടാകാം. അത് അശ്വിനേ അറിയു, ഒരുപക്ഷെ അപമാനിതനാകുന്നുവെന്ന തോന്നലാകാം അതിന് കാരണം.
വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാലത് പൊടുന്നനെ ആയതിന് കാരണം ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പടുന്നതിലെ അപമാനമാകാം. അതിനെല്ലാം പരിധിയുണ്ട്. അതുകൊണ്ടായിരിക്കും അവന്‍ പെട്ടന്ന് തീരുമാനമെടുത്തത്,’ രവിചന്ദ്രന്‍ പറഞ്ഞു.
Content Highlight: Ravichandran Talking About R. Ashwin’s Retirement