| Monday, 21st August 2017, 6:46 pm

ബ്ലൂവെയ്ല്‍ ഗെയിമിനെ അറിയുന്നവര്‍ ഈ കില്ലര്‍വെയ്ല്‍ ഗെയിമിനെ മറക്കരുത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരിക്കല്‍ മാത്രം അനുസരിക്കേണ്ടവ, വാര്‍ഷികാടിസ്ഥാനത്തിലും മാസാടിസ്ഥാനത്തിലും അനുഷ്ഠിക്കേണ്ടവ എന്നിങ്ങനെ കമാന്‍ഡുകള്‍ പലതരം. ദിവസംതോറും നടപ്പിലാക്കേണ്ടവയും മണിക്കൂറുകളും മിനിറ്റുകളും ഇടവിട്ട് അനുഷ്ഠിക്കേണ്ടവയും വേറെയുണ്ട്. കമാന്‍ഡുകള്‍ സ്വന്തംചെലവില്‍ നിറവേറ്റാന്‍ കളിക്കാര്‍ ബാധ്യസ്ഥരാണ്.- കില്ലര്‍വെയ്ല്‍ ഗെയിമിനെക്കുറിച്ച് രവിചന്ദ്രന്‍.സി എഴുതുന്നു


“നീലതിമിംഗലം”(Blue Whale) എന്ന കമ്പ്യൂട്ടര്‍ ഗെയിമിനെ കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുള്ള, “കില്ലര്‍വെയില്‍”(Killer Whale) ഗെയിമിനെ ഏവരും വിസ്മരിച്ച മട്ടാണ്. പ്രഹരശേഷിയിലും ജനകീയതയിലും ബ്ലൂവെയില്‍ കില്ലര്‍വെയിലിന്റെ മുന്നില്‍ ഒന്നുമല്ല.

കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇടയിലാണ് ബ്ലൂവെയിലിന് പ്രചാരമെങ്കില്‍ പ്രായംചെന്നവരെയും അടിമപ്പെടുത്തുന്ന സ്വഭാവം കില്ലര്‍വെയിലിനുണ്ട്. കില്ലര്‍വെയില്‍ ഓഫ് ലൈനിലും കളിക്കാം. അവിടെ തിരശ്ശീലയ്ക്ക് പിന്നില്‍ കളി നിയന്ത്രിക്കുന്ന ഒരു ഗെയിംമാസ്റ്റര്‍ ഉണ്ട്.

ഔട്ടര്‍ സ്‌പേസിലുള്ള ഏതോ അജ്ഞാത താവളത്തില്‍ തമ്പടിച്ചിരിക്കുന്ന ഇയാള്‍ കളിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ബുക്ക്‌ലെറ്റുകള്‍ ചില പഞ്ചായത്ത് ഭാഷകളില്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഗെയിം വെച്ചുനീട്ടുന്ന സാങ്കല്‍പ്പിക സമ്മാനങ്ങളാണ് കളിക്കാരുടെ പ്രചോദനം.

കളി തീരുന്നത് വരെ മാസ്റ്റര്‍ പ്രത്യക്ഷപ്പെടുകയില്ല. തീര്‍ന്നുകഴിഞ്ഞ് പ്രത്യക്ഷപ്പെട്ടാലും കാണാന്‍ കളിക്കാര്‍ ജീവിച്ചിരിപ്പുണ്ടാകില്ല. ഗെയിംമാന്വലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലാതെ കമാണ്ടറെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഊഹിച്ച് കളിക്കാനേ കളിക്കാര്‍ക്ക് സാധിക്കൂ.

ജീവിതത്തില്‍ സംഭവിക്കുന്ന സ്വാഭാവികമായ എല്ലാ കാര്യങ്ങളും അജ്ഞാതനായ മാസ്റ്ററുടെ അനുഗ്രഹവും ശിക്ഷയുമായി വിലയിരുത്താന്‍ എല്ലാ കളിക്കാരും ബാധ്യസ്ഥരാണ്. ഉദാഹരണമായി, വയറ് നിറച്ച് ആഹാരം കഴിച്ചശേഷം “”മാസ്റ്ററുടെ അനുഗ്രഹംകൊണ്ട് വിശപ്പ് മാറി”” എന്നു പറയണം. അതല്ലെങ്കില്‍ വെള്ളത്തില്‍ ചാടിയ ശേഷം “”മാസ്റ്റര്‍ സഹായിച്ച് നനഞ്ഞു”” എന്നു പ്രഖ്യാപിക്കണം.

കില്ലര്‍വെയിലിന് വ്യത്യസ്തങ്ങളായ പതിപ്പുകളുണ്ട്. ചിലവ താരതമ്യേന എളുപ്പമാണെങ്കില്‍ പോപ്പുലറായ പല വകഭേദങ്ങളും കളിക്കാരെ കൊലയാളി തിമിംഗലത്തിന് വേണ്ടി സ്വയം നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. “ബ്ലൂവെയില്‍” ആത്മഹത്യ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ടല്ലോ. കില്ലര്‍വെയിലിലാകട്ടെ, സ്വന്തംജീവനോടൊപ്പം അന്യരുടെയും ഗെയിം കളിക്കാത്തവരുടെയും ജീവനെടുക്കാനുള്ള വ്യക്തമായ കമാന്‍ഡുകളുണ്ട്.

കില്ലര്‍വെയിലിന്റെ ചില പതിപ്പുകള്‍ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി. സംസാരിക്കുന്ന ഒരു പാമ്പ് വന്ന് ഒരു സബര്‍ജല്ലി തിന്നാന്‍ കളിക്കാരോട് ആവശ്യപ്പെടുന്നതോടെയാണ് ഈ ഗെയിമുകള്‍ ആരംഭിക്കുന്നത്. മറ്റ് ചില ഗെയിമുകളില്‍ ജലജീവിയായ ഗയിംമാസ്റ്റര്‍ ഫാന്‍സിഡ്രസ്സ് നടത്തി 24 X 7 തന്നെ പുകഴ്ത്തിയടിക്കാന്‍ കളിക്കാരോട് ആവശ്യപ്പെടുന്നു. ഗെയിം കളിക്കാത്തവരോട് ശത്രുത പുലര്‍ത്താന്‍ മിക്ക ഗെയിമുകളിലും കളിക്കാര്‍ക്ക് ബാധ്യതയുണ്ട്.

ഒരിക്കല്‍ മാത്രം അനുസരിക്കേണ്ടവ, വാര്‍ഷികാടിസ്ഥാനത്തിലും മാസാടിസ്ഥാനത്തിലും അനുഷ്ഠിക്കേണ്ടവ എന്നിങ്ങനെ കമാന്‍ഡുകള്‍ പലതരം. ദിവസംതോറും നടപ്പിലാക്കേണ്ടവയും മണിക്കൂറുകളും മിനിറ്റുകളും ഇടവിട്ട് അനുഷ്ഠിക്കേണ്ടവയും വേറെയുണ്ട്. കമാന്‍ഡുകള്‍ സ്വന്തംചെലവില്‍ നിറവേറ്റാന്‍ കളിക്കാര്‍ ബാധ്യസ്ഥരാണ്.

ഗെയിംമാസ്റ്റര്‍ക്ക് വേണ്ടി സ്വന്തം ശരീരഭാഗങ്ങള്‍ മുറിച്ച് കളയുക, പട്ടിണികിടക്കുക, ഉറക്കമിളയ്ക്കുക, അന്യജീവികളെ കൊന്ന് രക്തംചൊരിയുക, കല്ലെടുത്ത് കല്ലിനെ എറിയുക, ചുഴലി പിടിപെട്ടവരെ പോലെ തുള്ളുക, മണ്ണില്‍ കിടന്ന് ഉരുളുക, മെഴുകുതിരി കത്തിക്കുക, തീ കൂട്ടി ആര്‍ത്തുവിളിക്കുക, ശിശുക്കളെ വെള്ളത്തില്‍ മുക്കുക, കവിളില്‍ ഇരുമ്പ് ദണ്ഡ് തുളച്ച് കയറ്റുക, മാംസത്തില്‍ തുളയിട്ട് തൂങ്ങിക്കിടക്കുക, അസഭ്യംപറയുക, സ്വയം വെട്ടി പരിക്കേല്‍പ്പിക്കുക ശരീരഭാരത്തിന് തുല്യമായ വസ്തുക്കള്‍ മാസ്റ്റര്‍ക്കായി തൂക്കി നല്‍കുക, അരി വേവിച്ച് കാക്കയ്ക്ക് കൊടുക്കുക, മുറികള്‍തോറും നാരങ്ങയും മുളകും തൂക്കിയിടുക, മാസ്റ്ററുടെ അപദാനങ്ങള്‍ പാടി സഹജീവികളുടെ ചെവിക്കല്ല് പൊട്ടിക്കുക, അന്യരുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കുക, ചക്കരക്കഞ്ഞി തിളപ്പിച്ച് ഗതാഗതംമുടക്കുക…. ഇങ്ങനെ പോകുന്നു പരിപാവനമായ കില്ലര്‍വെയില്‍ കമാന്‍ഡുകളില്‍ ചിലവ.

ദിനംപ്രതി നടപ്പിലാക്കേണ്ട കമാണ്ടുകളാണ് ദുഷ്‌ക്കരം. അര്‍ദ്ധരാത്രിയിലും അതിരാവിലെയും നിശ്ചിതസമയത്ത് ഞെട്ടിയുണര്‍ന്ന് പിറുപിറുക്കുക, തല കൊണ്ടുചെന്ന് തറയില്‍ ഇടിക്കുക, മുട്ടിലിഴയുക, ജീവിനില്ലാത്ത വസ്തുക്കളോട് പിറുപിറുക്കുക, അവയുടെ മുന്നില്‍ ചെന്ന് പൊട്ടിക്കരയുകയും വിതുമ്പുകയും ചെയ്യുക, കയ്യിലും കഴുത്തിലും ചരടും കുറിയും ചാമ്പലുംകൊണ്ട് അലങ്കരിക്കുക….ഇത്യാദി ഇനങ്ങള്‍ ഈ വകുപ്പില്‍ പെടുന്നു.

വര്‍ഷംതോറും ഗെയിംമാസ്റ്റര്‍ നിര്‍ദ്ദേശിക്കുന്ന ചില സ്ഥലങ്ങളില്‍ പോയി ഷോപ്പിംഗ് നടത്തി തിരിച്ചുവരിക, ഗെയിംമാസ്റ്ററുടെ പേരില്‍ പണംപിരിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുക….തുടങ്ങിയവയും പ്രധാനമാണ്.

കില്ലര്‍വെയില്‍ കളിക്കുന്നവരില്‍ പലരും ക്രമേണ കടുത്ത മനോരോഗത്തിലേക്ക് വഴുതിവീഴും. കുരിശുകൃഷി, ആടിനെ മേയ്ക്കല്‍, ഗോസംരക്ഷണം തുടങ്ങിയ കമാന്‍ഡുകള്‍ ഈ ഘട്ടത്തില്‍ കിട്ടിത്തുടങ്ങും. മിക്ക ഗെയിമുകളിലും മറ്റ് പതിപ്പുകള്‍ കളിക്കുന്നവരെ തങ്ങളുടെ ഗെയിമിലേക്ക് ആകര്‍ഷിക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികമുണ്ട്.

സമ്മാനങ്ങളെല്ലാം മരണശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ജീവിച്ചിരിക്കുമ്പോള്‍ സമ്മാനംചോദിക്കുന്നവര്‍ക്ക് തുടര്‍ന്ന് കളിക്കാനുള്ള അവകാശം നഷ്ടപെടും. കളിക്കാര്‍ ആവശ്യങ്ങള്‍ നിരത്തി ഗെയിംമാസ്റ്റര്‍മാരോട് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വന്തം ഗെയിം ഏറ്റവും ജനകീയമാകണേ എന്ന പ്രാര്‍ത്ഥനയാണ് മാസ്റ്റര്‍മാര്‍ നടത്തുന്നത്. ഇത് ആരോടാണെന്ന് മാന്വലില്‍ വ്യക്തമാക്കിയിട്ടില്ല.

“ബ്ലൂവെയില്‍” ഗെയിം വേണമെന്നുള്ളവര്‍ക്ക് നിറുത്തിപ്പോകാം. എന്നാല്‍ കില്ലര്‍വെയില്‍ ഗെയിമുകളുടെ ചില വേര്‍ഷനുകള്‍ കളി വിടാന്‍ തീരുമാനിച്ചാല്‍ മറ്റ് കളിക്കാര്‍ അവരെ കൊന്നുകളയും! ബ്ലൂവെയില്‍ സ്വന്തം ഇഷ്ടമനുസരിച്ച് ആരംഭിക്കാമെങ്കില്‍ കില്ലര്‍വെയിലില്‍ ആ സൗകര്യമില്ല.

ജനിച്ച് വീഴുമ്പോഴേ കളിച്ച് തുടങ്ങണം. സന്താനങ്ങളെകൊണ്ടും കളിപ്പിക്കണമെന്ന് കളിക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശമുണ്ട്. ഈ നിയമം പാലിക്കാത്ത കളിക്കാര്‍ക്ക് അക്കാരണംകൊണ്ടുതന്നെ മരണാനന്തര സമ്മാനങ്ങള്‍ റദ്ദാക്കപ്പെടും.

കില്ലര്‍വെയിലിന് അടിമയായിരിക്കുന്ന പലരും ഗെയിമിന്റെ തത്ത്വം മാത്രമേ പിന്തുടരാറുള്ളൂ കമാന്‍ഡുകള്‍ അനുസരിക്കാറില്ല എന്നൊക്കെ വീമ്പിളക്കാറുണ്ട്. പക്ഷെ ഫലത്തില്‍ ഇവരെല്ലാം സാധാരണ കളിക്കാരെപോലെ ഗെയിം ലഹരിക്ക് അടിമകളാണ്. ബ്ലൂവെയില്‍ ഗെയിമിനെതിരെ സമൂഹവും ഭരണാധികാരികളും എതിര്‍ പ്രചരണം നടത്തുമ്പോള്‍ കില്ലര്‍വെയിലിനെ സംരക്ഷിക്കാന്‍ കൂട്ടയിടിയാണ്.

കില്ലര്‍വെയില്‍ സാമൂഹിക അര്‍ബുദമാണ് എന്ന് തിരിച്ചറിയുന്നവരും അതിനെ പുകഴ്ത്താന്‍ മത്സരിക്കുന്നു. ഈ ഗെയിം കളിക്കാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് താന്‍ പലകുറി ഇതിനകം കളിച്ചു കഴിഞ്ഞു എന്നവകാശപ്പെടുന്നവരെ തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയും നിലവിലുണ്ട്

We use cookies to give you the best possible experience. Learn more