ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പിന്മാറിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മയുടെ അടുത്തേക്കാണ് അദ്ദേഹം സ്‌ക്വാഡില്‍ നിന്ന് പുറത്ത് പോയത്. കളിയുടെ രണ്ടാം ദിനത്തില്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ഇതിഹാസ ബൗളര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്തുണയും അറിയിച്ചിട്ടുണ്ടായിരുന്നു.
നിര്‍ണായക മത്സരത്തില്‍ അശ്വിന്റെ വിടവ് വലുതായിരുന്നു. എന്നാല്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ന് ടീമില്‍ തിരിച്ചെത്തുമെന്നും ബാക്കിയുള്ള മത്സരങ്ങളില്‍ ടീമില്‍ ഉണ്ടായിരിക്കുമെന്നും ബി.സി.സി.ഐ സ്ഥിരീകരിച്ചിരിക്കുകയാണ്.
താരം മടങ്ങിയ ശേഷം പൂര്‍ണ്ണമായ പ്ലെയിങ് ഇലവനില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുക. 10 അംഗ ഇന്ത്യന്‍ ടീമിന് ഒരു ഫീല്‍ഡറെ മാത്രമാണ് ലഭിക്കുക. പകരക്കാരനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിനെ ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ അനുവദിക്കില്ല. എന്നാല്‍ ഇപ്പോള്‍ അശ്വിന്‍ തിരിച്ചുവരുന്നതോടെ ഇന്ത്യ കൂടുതല്‍ ശക്തമാകുകയാണ്.
ഐ.സി.സി നിയമപ്രകാരം പരിക്ക്, അസുഖം അല്ലെങ്കില്‍ പൂര്‍ണ്ണമായി കളിക്കാന്‍ കഴിയാത്ത കാരണത്താല്‍ ഏതെങ്കിലും താരത്തിന് പിന്‍മാറേണ്ടി വന്നാല്‍ അമ്പയര്‍ക്ക് ഒരു ഫീല്‍ഡറെ അനുവദിക്കാം. എന്നാല്‍ നിയമമനുസരിച്ച് ഈ താരത്തിന് ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ കഴിയില്ല.
നിലവില്‍ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 72 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് നേടിയത്. ഇതോടെ 390 റണ്‍സിന്റെ ലീഡും മെന്‍ ഇന്‍ ബ്ലു നേടിക്കഴിഞ്ഞു.
Content Highlight: Ravichandran Ashwin will return to the team today