'മന്‍കാദിങ്ങിലൂടെ' അശ്വിനെ പുറത്താക്കാനോ, നല്ല കഥ; കളിയറിയാത്ത കമന്റേറ്റര്‍മാരെ നിയമം പഠിപ്പിച്ച് അശ്വിന്‍
Sports News
'മന്‍കാദിങ്ങിലൂടെ' അശ്വിനെ പുറത്താക്കാനോ, നല്ല കഥ; കളിയറിയാത്ത കമന്റേറ്റര്‍മാരെ നിയമം പഠിപ്പിച്ച് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 9:28 pm

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ക്യാപ്റ്റനും വെറ്ററന്‍ താരവുമായ ആര്‍. അശ്വിനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കാനായി എതിര്‍ ടീം ബൗളറായ മോഹന്‍ പ്രസാദ് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്ലില്‍ നടന്ന ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് – നെല്ലായ് റോയല്‍ കിങ്‌സ് മത്സരത്തിലായിരുന്നു രസകരമായ സംഭവം നടന്നത്.

മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു ഇത്. അശ്വിനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ മുമ്പ് ‘മന്‍കാദിങ്’ എന്ന പേരില്‍ പ്രസിദ്ധി നേടിയ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് റണ്‍ ഔട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.

താന്‍ പന്തെറിയും മുമ്പ് തന്നെ അശ്വിന്‍ ക്രീസ് വിടുമെന്ന് മനസിലുറപ്പിച്ച പ്രസാദ് പന്ത് റിലീസ് ചെയ്യാതെ അമ്പയറിനോട് തങ്ങള്‍ വാണിങ് നല്‍കുകയാണെന്ന് പറയുകയായിരുന്നു.

ബാറ്റര്‍മാരെ അണ്‍ ഫെയര്‍ അഡ്വാന്റേജ് നേടുന്നതില്‍ നിന്നും തടയുന്നതിനായാണ് എം.സി.സി ഈ റണ്‍ ഔട്ട് രീതിക്ക് അംഗീകാരം നല്‍കിയത്. എന്നാലിവിടെ അശ്വിന്‍ അത്തരത്തില്‍ ഒരു അഡ്വാന്റേജിന് ശ്രമിച്ചിരുന്നില്ല. ബൗളര്‍ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ അശ്വിന്റെ ബാറ്റ് ക്രീസിന് മുകളില്‍ തന്നെ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ അശ്വിന്റെ മാസ്റ്റര്‍ വെപ്പണ്‍ അശ്വിനെതിരെ തന്നെ ഉപയോഗിക്കുന്നു എന്ന തരത്തില്‍ കമന്റേറ്റര്‍മാര്‍ ബൗളറെ അഭിനന്ദിച്ചിരുന്നു.

എന്നാലിപ്പോള്‍ ഈ റണ്‍ ഔട്ട് രീതിയുടെ നിയമവശങ്ങളെ കുറിച്ച് അവരെ പഠിപ്പിക്കുകയാണ് ഡിണ്ടിഗല്‍ നായകന്‍.

ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചതനായ ജോണ്‍സ് പങ്കുവെച്ച വീഡിയോക്ക് പിന്നാലെ ആരാധകര്‍ നടത്തിയ ചര്‍ച്ചയിലാണ് അശ്വിനും ഭാഗമായത്.

ജോണ്‍സിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അമ്പയറായ പ്രസന്നയാണ് ആദ്യമെത്തിയത്. ബാറ്റര്‍ അണ്‍ ഫെയര്‍ അഡ്വാന്റേജ് നേടാന്‍ ശ്രമിക്കുമ്പോഴാണ് വാണിങ് നല്‍കാന്‍ സാധിക്കുകയെന്നും ഇവിടെ അത് ബാധകമല്ലെന്നും പ്രസന്ന ചൂണ്ടിക്കാണിച്ചു.

പിന്നാലെ ശങ്കര സുബ്രഹ്‌മണ്യമെന്ന യൂസറും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ടിന്റെ നിയമവശങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ടിന്റെ നിയമം എന്താണെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടിനൊപ്പം അശ്വിനെത്തിയത്. കമന്റേറ്റര്‍മാരെ ലക്ഷ്യമിട്ട് ‘അവര്‍ക്ക് നിയമം അറിയില്ല’ എന്നാണ് അശ്വിന്‍ കുറിച്ചത്. അശ്വിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, മത്സരത്തില്‍ ഡ്രാഗണ്‍സ് പരാജയപ്പെട്ടിരുന്നു. ഡിണ്ടിഗല്‍ ഉയര്‍ത്തിയ 137 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെ നെല്ലായ് മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗലിന് തൊട്ടതെല്ലാം പാളിയിരുന്നു. അശ്വിനടക്കം രണ്ട് പേര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്. 59 പന്തില്‍ 70 റണ്‍സ് നേടിയ ശിവം സിങ്ങാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ കിങ്‌സ് അരുണ്‍ കാര്‍ത്തിക്കിന്റെയും ജി. അജിതേഷിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ വിജയിക്കുകയായിരുന്നു.

ഏഴ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഡ്രാഗണ്‍സ്. മൂന്ന് ജയത്തോടെ അഞ്ചാമതാണ് നെല്ലായ് റോയല്‍ കിങ്‌സ്.

ജൂലൈ 31നാണ് ഡിണ്ടിഗല്‍ ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെപ്പക് സൂപ്പര്‍ ഗില്ലീസാണ് എതിരാളികള്‍.

 

Content Highlight: Ravichandran Ashwin trolls commentators, exposes huge blunder over ‘Mankad warning’ incident in TNPL