പ്ലേ ഓഫ് സാധ്യത കണക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ കൂടാതെ പ്ലേ ഓഫിലെ നാലാം സ്ഥാനത്തേക്ക് രണ്ട് ടീമുകളാണ് കണ്ണുനട്ടിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെഗളൂരുവും മുംബൈ ഇന്ത്യന്‍സുമാണ് ഈ ടീമുകള്‍.
ഇതില്‍ ഇപ്പോള്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേസ് ഹൈദരാബാദ് മത്സര ഫലവും ഗുജറാത്ത് ടൈറ്റന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സര ഫലവും രാജസ്ഥാന് നിര്‍ണായകും.
സണ്‍റൈസേസ് ഹൈദരബാദിനെതിരെ മുംബൈ പരാജയപ്പെടുകയാണെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുകയാണെങ്കിലുമാണ് രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുള്ളത്. ഇതിനിടയില്‍ രാജസ്ഥാന്റെ സീനിയര്‍ ബൗളര്‍ ആര്‍. അശ്വിന്‍ ചെയ്ത ട്വീറ്റാണ് ചര്‍ച്ചയാകുന്നത്.
‘ഗുജറാത്തി ഭക്ഷണം നമ്മുടെ പ്രിയപ്പെട്ടതായിരിക്കണമെന്നും, തെലുങ്ക് ഇന്നത്തെ നമ്മുടെ ടീമുകളുടെ ഔദ്യോഗിക ഭാഷയാകണമെന്നും എല്ലാവരോടും പറയാന്‍ ശ്രമിക്കുന്നു,’ എന്നാണ് രാജസ്ഥാന്‍ ടീമിലെ സഹതാരങ്ങളോട് താന്‍ സംസാരിക്കുന്ന ഫോട്ടോ പങ്കുവെച്ച് അശ്വിന്‍ ട്വീറ്റ് ചെയ്തത്.
പ്ലേ ഓഫ് പ്രവേശനവുമായി ബന്ധപ്പെട്ട് നായകന്‍ സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റും സമാനമായി ചര്‍ച്ചയായിരുന്നു.
താനും യുസ്വേന്ദ്ര ചാഹലും ജോസ് ബട്ലറും ഒരുമിച്ച് ഗ്രൗണ്ടില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ‘ യുസി, ജോസേട്ടാ, കുറച്ചുനേരം ഇരുന്നുനോക്കാം. ചെലപ്പൊ ബിരിയാണി കിട്ടിയാലോ’ എന്ന വണ്‍ മാന്‍ ഷോ സിനിമയിലെ സലീം കുമാറിന്റെ ഡയലോഗാണ് സഞ്ജു ക്യാപ്ഷ്യനായി നല്‍കിയിരുന്നത്.
പ്രാഥമിക ഘട്ടത്തിലെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാനിപ്പോള്‍ ഏഴ് വിജയവും ഏഴ് തോല്‍വിയുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്.