|

ഫൈനലില്‍ ഒഴിവാക്കിയിട്ടും ടെസ്റ്റ് റാങ്കിങ്ങില്‍ അശ്വിന്റെ മാജിക്ക്; ആദ്യ പത്ത് നിലനിര്‍ത്തി ടീമിലില്ലാത്ത മറ്റൊരു പേസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓവലില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ബൗളര്‍മാരുടെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര്‍. അശ്വിന്റെ അഭാവം ഇന്ത്യയുടെ തോല്‍വിക്ക് കാരണം ആയെന്ന് ഒരുപാട് പ്രതികരണങ്ങള്‍ വന്നിരുന്നു.

ഇതിനിടയിലാണ് ഐ.സി.സി പുറത്തുവിട്ട ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

അശ്വിനെ ഫൈനലിലെ പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാംമ്പ്യന്‍ഷിപ് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അശ്വിന്‍.

ആദ്യ പത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് പോയി എട്ടാം സ്ഥാനത്തെത്തി. 772 ആണ് ബുംറയുടെ റേറ്റിങ്. 2022 ജൂലൈയിലാണ് താരം തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു താരം. 765 ആണ് ജഡേജയുടെ റേറ്റിങ്.

ഐ.സി.സി പുരുഷ താരങ്ങളുടെ ബൗളിങ് റാങ്കിങ്(സ്ഥാനം, കളിക്കാരന്‍, ടീം, റേറ്റിങ് ക്രമത്തില്‍)

1. രവിചന്ദ്രന്‍ അശ്വിന്‍, ഇന്ത്യ, 860
2.ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഇംഗ്ലണ്ട്, 850
3.പാറ്റ് കമ്മിന്‍സ്, ഓസ്‌ട്രേലിയ, 829
4. കാഗിസോ റബാഡ, സൗത്ത് ആഫ്രക്ക, 825
5.ഷഹീന്‍ അഫ്രീദി പാകിസ്ഥാന്‍, 787
6.ഒല്ലി റോബിന്‍സണ്‍ ഇംഗ്ലണ്ട്, 777
7.നഥാന്‍ ലിയോണ്‍ ഓസ്‌ട്രേലിയ, 777
8.ജസ്പ്രീത് ബുംറ, ഇന്ത്യ, 772
9.രവീന്ദ്ര ജഡേജ, ഇന്ത്യ, 765
10. സ്റ്റുവര്‍ട്ട് ബ്രോഡ്, ഇംഗ്ലണ്ട്, 744

Content Highlight: Ravichandran Ashwin maintains top spot among ICC Test bowlers