| Sunday, 6th October 2019, 2:54 pm

നേടിയത് ഒരേയൊരു വിക്കറ്റ്; അതുവഴി ഈ ഇന്ത്യന്‍ താരം തകര്‍ത്തത് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച രവിചന്ദ്രന്‍ അശ്വിന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമെത്തി. അതിവേഗം ടെസ്റ്റില്‍ 350 വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് വിശാഖപട്ടണം ടെസ്റ്റോടെ അശ്വിനും കൂടി സ്വന്തമായത്.

ഇന്നലെ തുനിസ് ഡിബ്രുയിന്റെ വിക്കറ്റ് ഇന്നു രാവിലെ നേടിയതോടെയാണ് അശ്വിന്‍ റെക്കോഡിനൊപ്പമെത്തിയത്. 66-ാമത്തെ ടെസ്റ്റിലാണ് അശ്വിനും മുന്‍പ് മുരളിയും ഈ നേട്ടം സ്വന്തമാക്കിയത്. 2010-ലാണ് മുരളി 800 വിക്കറ്റെന്ന അപൂര്‍വ നേട്ടത്തോടെ വിരമിച്ചത്.

കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയക്കെതിരെ കളിച്ചതിനുശേഷം ഇപ്പോഴാണ് ഇന്ത്യന്‍ ടീമിലേക്ക് 33-കാരനായ അശ്വിന്‍ തിരിച്ചെത്തുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയായിരുന്നു അശ്വിന്‍ തിരിച്ചുവരവ് അറിയിച്ചത്. ഇത് അദ്ദേഹത്തിന്റെ 27-ാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയാണ്.

2017 നവംബറില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോഡ് ടെസ്റ്റില്‍ അശ്വിന്‍ നേടിയിരുന്നു. ഓസീസ് പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോഡാണ് 54 മത്സരങ്ങളില്‍ അശ്വിന്‍ മറികടന്നത്.

വിശാഖപട്ടണത്ത് ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടാനായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്താനേ അശ്വിനായുള്ളൂ.

ആദ്യ ടെസ്റ്റില്‍ 203 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 395 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴ് വിക്കറ്റ് നേടി ആദ്യ ഇന്നിങ്സില്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു ദക്ഷിണാഫ്രിക്കയെ ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞതെങ്കില്‍, രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മുഹമ്മദ് ഷമി, നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ എന്നിവരായിരുന്നു വിജയം കൈപ്പിടിയിലൊതുക്കിയത്.

10.5 ഓവര്‍ മാത്രം എറിഞ്ഞായിരുന്നു ഷമി ഈ നേട്ടം കൊയ്തത്. മധ്യനിരയിലെ മൂന്ന് പേരുടേതടക്കം നാല് വിക്കറ്റുകളാണ് ബൗള്‍ഡ് ചെയ്ത് ഷമി നേടിയത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഡെയ്ന്‍ പീറ്റ് (56), സെനുരാന്‍ മുത്തുസ്വാമി (49), എയ്ഡന്‍ മര്‍ക്രം (39) എന്നിവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തിയത്.

രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ അപൂര്‍വ പ്രകടനം നടത്തിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. രോഹിത് ആദ്യ ഇന്നിങ്സില്‍ 176 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 127 റണ്‍സും നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അശ്വിന്‍ ആദ്യ ഇന്നിങ്സില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഓപ്പണറും യുവതാരവുമായ മായങ്ക് അഗര്‍വാളായിരുന്നു ബാറ്റിങ്ങിലെ ഹീറോ. 215 റണ്‍സായിരുന്നു അഗര്‍വാള്‍ ആദ്യ ഇന്നിങ്സില്‍ നേടിയത്.

We use cookies to give you the best possible experience. Learn more