ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്നാണ് ആരംഭിച്ചത്. ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കില്‍ വെച്ചാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ആണ് മത്സരം ആരംഭിക്കുക. ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുന്നത് എന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്.
പേപ്പറില്‍ ഇന്ത്യക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും വിന്‍ഡീസിനെ ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കാത്ത ടീമാണ്. ഇന്ത്യ-വിന്‍ഡീസ് സമീപകാല റെക്കോഡുകളൊക്കെ ഇന്ത്യക്ക് അനുകൂലമാണെന്നുള്ളത് ഇന്ത്യയുടെ കോണ്‍ഫിഡന്‍സ് കൂട്ടുന്നു. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, ശുഭ്മന്‍ ഗില്‍ പുത്തന്‍ താരോദയം യശസ്വി ജെയ്‌സ്വാള്‍ എന്നിവരെയാണ് പ്രധാനമായും ആളുകള്‍ ഉറ്റുനോക്കുന്നത് എങ്കിലും ഇതിഹാസ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്റെ വിന്‍ഡീസിനെതിരെയുള്ള പ്രകടനം എടുത്തു പറയേണ്ടതാണ്.
വിന്‍ഡീസിനെതിരെ ബാറ്റിങ്ങില്‍ 50 റണ്‍സാണ് അശ്വിന്റെ ശരാശരിയെങ്കില്‍ ബൗളിങ്ങില്‍ വെറും 21ാണ് അദ്ദേഹത്തിന്റെ ശരാശരി. വിന്‍ഡീസിനെതിരെ ടെസ്റ്റില്‍ മാത്രം 60 വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ അഞ്ചാമതെത്താന്‍ ഈ പരമ്പരയില്‍ സാധിച്ചേക്കും.
നിലവില്‍ 67 വിക്കറ്റുമായി ആന്‍ഡി റോബര്‍ട്ട്‌സാണ് അശ്വിന് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള അശ്വിന്റെ നാല്‍ സെഞ്ച്വറിയും വിന്‍ഡസിനെതിരെയാണ്. ഇതെല്ലാം കൊണ്ട് തന്നെ അശ്വിന്റെ പ്രകടനം തീര്‍ച്ചയായും എല്ലാവരും ഉറ്റുനോക്കുന്നതാണ്.
അതേസമയം വെറ്ററന്‍ താരം ചേത്വേശര്‍ പൂജാര ഇല്ലാതെയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കച്ചകെട്ടുന്നത്. അദ്ദേഹത്തിന് പകരം മൂന്നാം നമ്പറില്‍ ആരാണ് കളിക്കുക എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മൂന്നാം നമ്പറിലേക്ക് സൂപ്പര്‍ ഓപ്പണര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്‍ കളിക്കുമെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്.
മൂന്നാം നമ്പറില്‍ ഗില്‍ കളിക്കുകയാണെങ്കില്‍ നായകന്‍ രോഹിത്തിന്റെ കൂടെ ഓപ്പണിങ്ങില്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍ കളിക്കും. ഇക്കാര്യം രോഹിത് തന്നെ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മൂന്നാം നമ്പറില്‍ കളിക്കണമെന്ന് ഗില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടെന്നും രോഹിത് പറയുന്നു.
ജെയ്‌സ്വാളിന്റെ വരവ് ടീമിന്റെ ബാറ്റിങ് കരുത്ത് കൂട്ടുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തന്റെ ഡെബ്യു മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്താനായിരിക്കും ഈ ഇടം കയ്യന്‍ ബാറ്ററും ശ്രമിക്കുക. ഈ പരമ്പരയോടെ പുതിയ ഡബ്ല്യു.ടി.സി. സൈക്കിളിന് തുടക്കമാകുയാണ്. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി.
വിന്‍ഡ്സര്‍ പാര്‍ക്കിലെ പിച്ച് പൊതുവെ മികച്ച ബാറ്റിങ് സര്‍ഫേസായിട്ടാണ് കണക്കാക്കപ്പെടുന്നത്, അതിനാല്‍ ഇരു ടീമുകളും മികച്ച സ്‌കോര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന്റെ അവസാന ദിനങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ത പ്രവചനം സൂചിപ്പിക്കുന്നത്.