|

അശ്വിന്‍ പോകുന്ന വഴിയിലൊക്കെ റെക്കോഡ്; ദാ ഇപ്പോള്‍ മുത്തയ്യക്ക് തൊട്ട് താഴെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

ധര്‍മ്മശാലയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കാനിരിക്കുകയാണ്. എന്നാല്‍ അതിന് മുമ്പേ മറ്റൊരു റെക്കോഡ് സ്വന്തമാക്കുകയാണ് താരം.

99ാം ടെസ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് താരം.

99ാം ടെസ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം, ടീം, വിക്കറ്റ്

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 584

രവിചന്ദ്രന്‍ അശ്വിന്‍ – ഇന്ത്യ – 507

അനില്‍ കുംബ്ലെ – ഇന്ത്യ – 478

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 500 വിക്കറ്റ് തികക്കാനും നിര്‍ണായക നാഴികകല്ല് പിന്നിടാനും അശ്വിന് കഴിഞ്ഞു. അനില്‍ കുംബ്ലെക്ക് ശേഷം വേഗത്തില്‍ 500 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍.

Content Highlight: Ravichandran Ashwin In record Achievement