അഞ്ചെണ്ണം വീഴ്ത്തി ചരിത്രത്തിൽ അഞ്ചാമൻ; അശ്വമേധം തുടരുന്നു
Cricket
അഞ്ചെണ്ണം വീഴ്ത്തി ചരിത്രത്തിൽ അഞ്ചാമൻ; അശ്വമേധം തുടരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 6:39 pm

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 40 റണ്‍സിന് വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെയാണുള്ളത്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍. അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 15.5 ഓവറില്‍ 51 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്.

ബെന്‍ ഡക്കറ്റ് (15 പന്തില്‍ 15), ഒല്ലി പോപ്പ് (1 പന്തില്‍ 0), ജോ റൂട്ട് (34 പന്തില്‍ 11), ബെന്‍ ഫോക്സ് (76 പന്തില്‍ 17), ജെയിംസ് ആന്‍ഡേഴ്സണ്‍ (3 പന്തില്‍ 0) എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും അശ്വിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ 35 തവണയാണ് അശ്വിന്‍ ഫൈഫര്‍ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

(താരം, എത്ര തവണ അഞ്ച് വിക്കറ്റുകള്‍ നേടി എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍-67

ഷെയിന്‍ വോണ്‍-37

സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി-36

അനില്‍ കുംബ്ലെ-35

ആര്‍.അശ്വിന്‍-35

രങ്കനാ ഹെറാത്ത്-34

അശ്വിന് പുറമെ കുല്‍ദീപ് യാദവ് നാല് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി. 15 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 22 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ സാക്ക് ക്രോളി 91 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് സാക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജോണി ബെയര്‍സ്റ്റോ 42 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Ravichandran Ashwin create a new record in test