ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ കളം ഒഴിഞ്ഞു; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ അപ്രതീക്ഷിത തീരുമാനവുമായി അശ്വിന്‍
Sports News
ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ കളം ഒഴിഞ്ഞു; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ അപ്രതീക്ഷിത തീരുമാനവുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th December 2024, 12:30 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍. നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ഇന്ത്യന്‍ ടീമിലെ അംഗമാണ് അശ്വിന്‍.

ബ്രിസ്‌ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലെ അഞ്ചാം ദിനം മഴ പെയ്ത് കളി നിര്‍ത്തിയിരുന്നു, ഇതോടെ അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒപ്പം പത്രസമ്മേളനം വിളിക്കുകയും തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയുമായിരുന്നു.

‘ഞാന്‍ നിങ്ങളുടെ സമയം അധികം എടുക്കില്ല. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇന്നാണ് എന്റെ അവസാന ദിവസം,’ മാധ്യമങ്ങളോട് അശ്വിന്‍ പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെയാണ് അശ്വിന്‍ മടങ്ങിയത്.

ഇന്ത്യന്‍ ക്രിക്കറ്റിന് തീരാ നഷ്ടം തന്നെയാണ് അശ്വിന്റെ വിടവ് എന്നത് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 106 മത്സരങ്ങളിലെ 200 ഇന്നിങ്‌സില്‍ നിന്ന് 537 വിക്കറ്റുളാണ് താരം സ്വന്തക്കിയത്. ഏകദിനത്തില്‍ 116 മത്സരത്തിലെ 114 ഇന്നിങ്‌സില്‍ നിന്ന് 156 വിക്കറ്റും ടി-20ഐയില്‍ 65 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടി.

ബാറ്റിങ്ങിലും അശ്വിന്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങിയിട്ടുണ്ട്. ടെസ്റ്റിലെ 151 ഇന്നിങ്‌സില്‍ നിന്ന് ആറ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3503 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തിലെ 63 ഇന്നിങ്‌സില്‍ നിന്ന് 707 റണ്‍സും ടി-20യിലെ 19 ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സും താരത്തിനുണ്ട്.

തന്റെ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ കഴിവ് തെളിയിക്കാന്‍ സാധിച്ചത് റെഡ് ബോളിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഏവര്‍ക്കും മനസിലാകുന്ന രീതിയിലായിരുന്നു അശ്വിന്‍ കളത്തില്‍ നിറഞ്ഞാടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അശ്വിന്റെ വിടവാങ്ങലിനെക്കുറിച്ച് സംസാരിച്ചിരുന്നു.

‘അദ്ദേഹത്തിന് തന്റെ തീരുമാനത്തില്‍ വളരെ ഉറപ്പുണ്ടായിരുന്നു. അവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ നമ്മള്‍ നില്‍ക്കണം,’ അശ്വിന്‍ വേദി വിട്ടതിന് ശേഷം രോഹിത് പറഞ്ഞു.

Content Highlight: Ravichandran Ashwin announces Retirement from international cricket