| Friday, 29th November 2024, 12:28 pm

ഒരു കൊമേഴ്ഷ്യല്‍ സിനിമ ചെയ്താല്‍ ഒരുപാട് കാശ് ലഭിക്കുമെന്ന് മനസിലായത് ആ മമ്മൂട്ടി ചിത്രത്തിലൂടെ: രവി വര്‍മന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രങ്ങളില്‍ ഇന്നും ആരാധകരുള്ള ഒരു ചിത്രമാണ് വല്ല്യേട്ടന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ല്‍ റിലീസായ സിനിമ നിര്‍മിച്ചത് ബൈജു അമ്പലക്കരയായിരുന്നു. 24 വര്‍ഷത്തിന് ശേഷം വല്ല്യേട്ടന്‍ 4K ഡോള്‍ബി അറ്റ്മോസ് ദൃശ്യമികവോടെ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരുന്നു.

സിനിമയുടെ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ ആയിരുന്നു. തന്റെ കരിയറിലെ ആദ്യ കൊമേഴ്ഷ്യല്‍ പടമായിരുന്നു വല്ല്യേട്ടന്‍ എന്ന് പറയുകയാണ് അദ്ദേഹം. ഈ സിനിമയില്‍ തനിക്ക് ഒരുപാട് ഓര്‍മകളുണ്ടെന്നും ആദ്യമായി ഒരുപാട് ശമ്പളം വാങ്ങിയ സിനിമയായിരുന്നു വല്ല്യേട്ടനെന്നും രവി വര്‍മന്‍ പറഞ്ഞു.

തനിക്ക് കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമായിരുന്നില്ലെന്നും എന്നാല്‍ വല്ല്യേട്ടന്‍ സിനിമ ചെയ്ത ശേഷമാണ് കൊമേഴ്ഷ്യല്‍ സിനിമ ചെയ്താല്‍ ഒരുപാട് കാശ് ലഭിക്കുമെന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളത്തിലെ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു വല്ല്യേട്ടന്‍. എന്നാല്‍ എന്റെ ആദ്യ കൊമേഴ്ഷ്യല്‍ പടമായിരുന്നു ഇത്. മലയാളത്തില്‍ ആദ്യം ജലമര്‍മരം എന്ന സിനിമ ചെയ്തു. അതിന് ശേഷം സത്യം ശിവം സുന്ദരം. പിന്നെയാണ് വല്ല്യേട്ടന്‍ എന്ന സിനിമ ചെയ്തത്. ഈ സിനിമയില്‍ എനിക്ക് ഒരുപാട് ഓര്‍മകള്‍ ഉണ്ടായിരുന്നു.

ഞാന്‍ ആദ്യമായി ഒരുപാട് ശമ്പളം വാങ്ങിയ സിനിമയായിരുന്നു വല്ല്യേട്ടന്‍. 25000 രൂപയായിരുന്നു പ്രൊഡ്യൂസര്‍ എനിക്ക് ആദ്യമായി അഡ്വാന്‍സായി തന്നത്. ആ പണം ലഭിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതിന് ശേഷം ഒരുപാട് സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരുപാട് അഡ്വാന്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും ഈ അഡ്വാന്‍സിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

ഞാനും എന്റെ ഭാര്യം തമ്മിലുള്ള പ്രണയ വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് ഞാന്‍ ഒരുപാട് സ്‌ട്രെഗിള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് കൃത്യം ഒന്നര ലക്ഷം രൂപ എനിക്ക് ഈ സിനിമയിലൂടെ ശമ്പളമായി ലഭിക്കുന്നത്. ഞങ്ങള്‍ക്ക് പിന്നെയുള്ള രണ്ട് വര്‍ഷങ്ങള്‍ സര്‍വൈവ് ചെയ്യാന്‍ ആ പണം മതിയായിരുന്നു.

വല്ല്യേട്ടന്റെ സമയത്ത് ഞാന്‍ സത്യത്തില്‍ ഒരുപാട് നെര്‍വസായിരുന്നു. അതിന് മുമ്പ് വന്ന മമ്മൂട്ടി സാറിന്റെ കിംഗ് എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നു. അതായിരുന്നു ഞാന്‍ അവസാനമായി അസിസ്റ്റ് ചെയ്ത സിനിമ.

അതിന് ശേഷമായിരുന്നു ജലമര്‍മരം, സത്യം ശിവം സുന്ദരം, വല്ല്യേട്ടന്‍ എന്നീ സിനിമകളൊക്കെ വരുന്നത്. എനിക്ക് സത്യത്തില്‍ കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമായിരുന്നില്ല. ജലമര്‍മരം പോലെയുള്ള സിനിമകള്‍ ചെയ്യാനായിരുന്നു താത്പര്യവും.

എന്നാല്‍ വല്ല്യേട്ടന്‍ സിനിമ ചെയ്ത ശേഷമാണ് കൊമേഴ്ഷ്യല്‍ സിനിമ ചെയ്താല്‍ ഒരുപാട് കാശ് ലഭിക്കുമെന്ന് മനസിലാകുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ വീണ്ടും തിയേറ്ററില്‍ എത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ രവി വര്‍മന്‍ പറഞ്ഞു.

Content Highlight: Ravi Varman Says Mammootty’s Valyettan Is His First Commercial Movie

We use cookies to give you the best possible experience. Learn more