| Tuesday, 9th April 2024, 2:23 pm

ആ എഴുത്തുകാരനാണ് എനിക്ക് ആടുജീവിതം നോവൽ പരിചയപ്പെടുത്തുന്നത്; സിനിമക്ക് പറ്റിയതാണെന്ന് കരുതിയാണ് വായിച്ചത്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം നോവൽ തനിക്ക് പരിചയപ്പെടുത്തിയത് രവി വർമ തമ്പുരാൻ എന്ന എഴുത്തുകാരനാണെന്ന് ബ്ലെസി. ഇത് സിനിമക്ക് പറ്റിയ നോവൽ ആണെന്ന് കരുതി തന്നെയാണ് വായിച്ചതെന്നും ബ്ലെസി പറഞ്ഞു. രവി വർമയാണ് ഒരുപാട് ദൃശ്യ സാധ്യതയുള്ള ഒരു നോവലാണ് ആടുജീവിതമെന്ന് തന്നോട് പറഞ്ഞതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

അടുത്ത കാലത്ത് സിനിമയിൽ സാഹിത്യം വരുന്നില്ല എന്ന ചർച്ചയിലാണ് രവി വർമ തനിക്ക് ആടുജീവിതം നോവൽ അയച്ചുതരുന്നതെന്നും ബ്ലെസി പറയുന്നുണ്ട്. ആദ്യ വായനയിൽ തന്നെ ലെൻസിലൂടെയാണ് വായിച്ചതെന്നും ബ്ലെസി റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘ഇത് സിനിമക്ക് പറ്റിയ നോവൽ ആണെന്ന് കരുതി തന്നെയാണ് വായിച്ചത്. ഈ നോവലിനെ എനിക്ക് പരിചയപ്പെടുത്തിയത് രവി വർമ തമ്പുരാൻ എന്ന് പറഞ്ഞിട്ടുള്ള ഒരു എഴുത്തുകാരനാണ്. അദ്ദേഹമാണ് പറഞ്ഞത് ഒരുപാട് ദൃശ്യ സാധ്യതയുള്ള ഒരു നോവലാണ് ഇതെന്ന്.

ഈയടുത്തകാലത്ത് സിനിമയിൽ സാഹിത്യം വരുന്നില്ല എന്ന ചർച്ചയിലാണ് എനിക്ക് ഈ പുസ്തകം അയച്ചു തരുന്നത്. ആദ്യ വായനയിൽ തന്നെ ലെൻസിലൂടെയുള്ള ഒരു വായനയാണ് വായിച്ചെന്ന് പറയാം. വായിച്ച് കഴിഞ്ഞപ്പോൾ വിശാലമായ സാധ്യതയുള്ള ഒരു ഭൂമികയും ലൈഫും ഒക്കെ അറിയാതെ മനസിലേക്ക് വന്നു,’ ബ്ലെസി പറഞ്ഞു.

അടുത്തത് ആടുജീവിതം പോലെയൊരു വലിയ സിനിമ ചെയ്യുമോയെന്ന ചോദ്യത്തിനും ബ്ലെസി അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘ദൈവം സഹായിച്ചിട്ട് എനിക്ക് വലിയ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല. നമ്മുടെ യൂണിറ്റിൽ അസിസ്റ്റന്റ് പിള്ളേരൊക്കെ പ്രൊഡക്ഷന്റെ വർക്കുകളും കാര്യങ്ങളുമായി ക്ഷീണിച്ച് രാത്രി ഓഫീസിൽ വരും. അപ്പോൾ ഞാൻ ചോദിക്കും നിനക്കെന്താ ഇത്ര ക്ഷീണം നമുക്കൊന്ന് പന്ത് കളിച്ചാൽ കൊള്ളാമെന്നു പറയും.

ആ ഒരു ലെവലിലാണ് ഞാൻ എന്റെ എനർജി ലെവൽ ഞാൻ കീപ് ചെയ്യുന്നത്. അടുത്ത സിനിമ വലിയ സിനിമയെന്നോ ചെറിയ സിനിമ എന്നൊന്നുമില്ല. ആ സിനിമ ഡിമാൻഡ് ചെയ്യുന്ന പോലെ, വേറൊന്നുമില്ല. വലിയൊരു സിനിമ എടുത്തുകളയാമെന്ന് നമ്മൾ കരുതുന്നില്ല. പക്ഷേ എല്ലാവരുടെയും ആഗ്രഹം എന്താണ്, കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സിനിമ ചെയ്യണമെന്നല്ലേ. ആ ഒരു ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്,’ ബ്ലെസി പറഞ്ഞു.

Content Highlight: Ravi varma thamburan recommended aadujeevitham novel to blessy

Latest Stories

We use cookies to give you the best possible experience. Learn more