മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചു. സംഭവ ബഹുലമായിരുന്നു ടെസ്റ്റ് പരമ്പര. ഇന്ത്യയുടെ ആധിപത്യവും ലങ്കയുടെ ചെറുത്തു നില്‍പ്പും വായു മലിനീകരണം തീര്‍ത്ത വിവാദവുമൊക്കെയായി കളി ആവേശം വേണ്ടുവോളമുണ്ടായിരുന്നു. അടുത്തത് ഏകദിന, ട്വന്റി-20 മത്സരങ്ങളാണ്.
ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരമായിരുന്നു ഏറ്റവും ശ്രദ്ധേയം. ലങ്കയുടെ ബാറ്റിംഗ് ചെറുത്തു നില്‍പ്പിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ ലഭിച്ചെങ്കിലും ലങ്കന്‍ താരങ്ങളുടെ പെരുമാറ്റം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ദല്‍ഹിയിലെ മലിനീകരണം അസഹനീയമാണെന്ന് പറഞ്ഞ് മാസ്‌ക് ധരിച്ചായിരുന്നു ലങ്കന്‍ താരങ്ങള്‍ കളിക്കിറങ്ങിയത്.
കളി ഉപേക്ഷിക്കണമെന്നടക്കം ലങ്കന്‍ നായകന്‍ ദിനേശ് ചാന്ദിമല്‍ ആവശ്യപ്പെട്ടിരുന്നു. താരങ്ങള്‍ക്ക് ഫീല്‍ഡില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ചാന്ദിമലിന്റെ വാദം. ഇതിനെ ഇന്ത്യന്‍ താരങ്ങളടക്കം എതിര്‍ത്തെങ്കിലും സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡടക്കം ഇടപെട്ടതോടെ വിവാദമാവുകയായിരുന്നു.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി നേരിട്ട് ഗ്രൗണ്ടിലിറങ്ങിയാണ് അമ്പയര്‍മാരോട് മത്സരം തുടരാന്‍ ആവശ്യപ്പെട്ടത്. ലങ്കന്‍ താരങ്ങള്‍ കളി തുടരാന്‍ അതൃപ്തി രേഖപ്പെടുത്തിയതിനാലായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് നേരത്തെ തന്നെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇപ്പോഴിതാ വിവാദത്തെ വെറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് രവി ശാസ്ത്രി.
ശ്രീലങ്കന്‍ ടീമിനെ ട്വീറ്റിലൂടെ പരിഹസിച്ചിരിക്കുകാണ് രവി ശാസ്ത്രി. അടുത്ത മത്സരം നടക്കുന്ന ധര്‍മ്മശാലയില്‍ നിന്നുമുള്ള ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു ശാസ്ത്രിയുടെ പരിഹാസം. ധര്‍മ്മശാലയില്‍ നിങ്ങള്‍ക്ക് ശുദ്ധ വായു ശ്വസിക്കാം എന്നായിരുന്നു ശാസ്ത്രിയുടെ ട്വീറ്റ്. ദല്‍ഹിയില്‍ വായുവിന്റെ പേര് പറഞ്ഞ് അലമ്പുണ്ടാക്കിയ ലങ്കയ്ക്കുള്ള ശാസ്ത്രിയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.