ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ മിന്നും പ്രകടനത്തിനാണ് ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയത്. താരത്തിന്റെ മിന്നും ഡബിള്‍ സെഞ്ച്വറിയിലാണ് ഇന്ത്യ തല ഉയര്‍ത്തിയത്. 290 പന്തില്‍ നിന്ന് 209 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ബൗണ്ടറികളും ഏഴ് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക്.
എന്നാല്‍ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മന്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. രണ്ട് ടെസ്റ്റിലും മോശം പ്രകടനം നടത്തിയ ഗില്ലിന് പകരക്കാരനായി ചേതേശ്വര്‍ പൂജാര കാത്തിരിക്കുന്നുണ്ടെന്ന് മുന്‍ താരം ഗില്ലിന് മുന്നറിയിപ്പും നല്‍കി.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 23, 0 എന്നെ സ്‌കോറിലാണ് ഗില്‍ പുറത്തായത്. 46 പന്തില്‍ 34 റണ്‍സ് നേടിയ ഗില്ലിനെ രണ്ടാം ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയത്. ഇതോടെ ദീര്‍ഘമേറിയ ഫോര്‍മാറ്റില്‍ താരത്തിന്റെ കാര്യം ചോദ്യചിഹ്നത്തിലാണ്.
‘യുവ താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ട്, അത് മറക്കരുത്, രഞ്ജി ട്രോഫിയില്‍ പൂജാര റണ്‍സ് നേടുന്നുണ്ട്,’ രണ്ടാം ടെസ്റ്റില്‍ കമന്റിടുന്നതിനിടെ ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ സുപ്രധാന മത്സരങ്ങളില്‍ ക്രീസില്‍ തുടരേണ്ടത് നിര്‍ണായകമാണെന്ന് ശാസ്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൂജാരയുടെ അനുഭവത്തെക്കുറിച്ച് ശാസ്ത്രി സംസാരിച്ചു.
‘ഇതൊരു ടെസ്റ്റ് മത്സരമാണ്, നിങ്ങള്‍ക്ക് നീണ്ട ഇന്നിങ്സുകള്‍ കളിക്കേണ്ടിവരും. ജെയിംസ് ആന്‍ഡേഴ്‌സനെ പോലെയുള്ള ഒരാള്‍ക്കെതിരെ ശ്രദ്ധിക്കേണ്ടതുണ്ട്,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രിയുടെ അഭിപ്രായത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഗില്‍ വെല്ലുവിളികള്‍ നേരിടുന്നു എന്നാണ്. എന്നാല്‍ ഇതിനെല്ലാം പുറമെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ചേതേശ്വര്‍ പൂജാര മിന്നുന്ന ഫോമിലാണ്, അടുത്തിടെ നടന്ന മത്സരത്തില്‍ ടീമിനായി 7000 റണ്‍സാണ് പൂജാര അടിച്ചെടുത്തത്. രഞ്ജിക്ക് പുറമെ വിജയ് ഹസാരെ ട്രോഫിയിലും താരം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്.
Content Highlight: Ravi Shastri Talks About Shubhman Gill