ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.
ഇപ്പോഴിതാ ഈ ആവേശകരമായ പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി.
2018-19, 2020-21 എന്നീ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന പരമ്പരയിലെ ഇന്ത്യയുടെ വിജയത്തെക്കുറിച്ചാണ് ശാസ്ത്രി പറഞ്ഞത്. മിഡ് ഡേയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ആളുകള്‍ ലോകകപ്പുകളെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട് നിങ്ങള്‍ ചോദിച്ചാല്‍ ഓസ്‌ട്രേലിയയിലെ 2018-21, 2020-21 എന്നീ പരമ്പരകളെക്കുറിച്ചാണ് അവര്‍ പറയുക. എത്ര ടീമുകള്‍ ഓസ്‌ട്രേലിയയില്‍ പോയി ഇങ്ങനെ വിജയിച്ചു? 1980കളില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പോയി അവരെ തോല്‍പ്പിച്ചത് പോലെയാണിത്.
ഇന്ത്യ അവിടെ പോയി ബാക്ക് ടു ബാക്ക് പരമ്പരകള്‍ നേടുമ്പോള്‍ അത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കും. ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ഒരു പരമ്പര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് ഏതൊരു ക്രിക്കറ്റ് താരത്തിനും അറിയാം. അവരെ ഓസ്‌ട്രേലിയയില്‍ വെച്ച് തോല്‍പ്പിക്കാന്‍ ഒരു പ്രേത്യേക പരിശ്രമം ആവശ്യമാണ്,’ രവി ശാസ്ത്രി പറഞ്ഞു.
2018ല്‍ നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരം 31 റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ 146 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ തിരിച്ചുവരികയായിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 137 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. പരമ്പരയിലെ അവസാന മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇന്ത്യ 2-1ന് പരമ്പര വിജയിക്കുകയായിരുന്നു.
2020-21 ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി 2-1നായിരുന്നു ഇന്ത്യ വിജയിച്ചത്. പരമ്പരയിലെ ആദ്യ മത്സരം മൂന്ന് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാം മത്സരത്തില്‍ എട്ടു വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റുകള്‍ക്കും വിജയം സ്വന്തമാക്കി.
അതേസമയം ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.
ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.
Content Highlight: Ravi Shastri talks about India’s Test win in Australia