ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക.
ഡേ- നൈറ്റില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇലവനില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പറയുകാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പേസിനെ പിന്തുണയ്ക്കുന്ന പിങ്ക് ബോളില്‍ ഇന്ത്യ മുഹമ്മദ് ഷമിയെ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.
2023 ലോകകപ്പില്‍ പരിക്ക് പറ്റിയതിന് ശേഷം ഷമി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അടുത്തിടെ റെഡ് ബോളില്‍ ബംഗാളിന് വേണ്ടി ഏഴ് വിക്കറ്റ് നേടി മിന്നും തിരിച്ചുവരവാണ് ഷമി നടത്തിയത്.
‘ഒരുപാട് മാറ്റങ്ങളെ ഞാന്‍ അനുകൂലിക്കുന്നില്ല, പക്ഷേ അഡ്ലെയ്ഡിലെ സാഹചര്യങ്ങളില്‍ വെളിച്ചത്തിന് കീഴില്‍ പന്ത് എങ്ങനെ ചലിക്കുമെന്ന് നോക്കിയാല്‍ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് ഒരു നല്ല ഓപ്ഷനായിരിക്കും. അവന്‍ നൂറുശതമാനം ആരോഗ്യവാനാണെങ്കില്‍, അദ്ദേഹത്തെ ഇലവനില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ആലോചിക്കണം,’ അദ്ദേഹം പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തിരിച്ചെത്തിയതോടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനേയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനേയും ബെഞ്ചിലിരുത്തേണ്ടി വരും.
മാത്രമല്ല ആവേശം നിറഞ്ഞ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായ ബുംറയ്ക്ക് രോഹിത്തിന്റെ വരവോടെ വീണ്ടും ഡെപ്യൂട്ടിയാകേണ്ടി വരും. രണ്ടാം ടെസ്റ്റിലും ഇന്ത്യ വമ്പന്‍ വിജയം പ്രതീക്ഷിച്ചാണ് അഡ്‌ലെയ്ഡില്‍ ഇറങ്ങാനിരിക്കുന്നത്.
Content Highlight: Ravi Shastri Talking About Indian Playing Eleven For Second Test Against Australia