| Friday, 10th January 2025, 9:12 am

മെല്‍ബണില്‍ അവന്‍ ഇന്ത്യന്‍ താരങ്ങളെ ഞെട്ടിച്ചു; യുവ താരത്തെക്കുറിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയം സ്വന്തമാക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഒരു സമനിലയടക്കം 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നാലാം ടെസ്റ്റിലെ ഒന്നാം ദിനത്തില്‍ സാം കോണ്‍സ്റ്റസിനെ തോളില്‍ ഇടിച്ച് വിരാട് കോഹ്‌ലി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മത്സരത്തില്‍ സാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു.

മാത്രമല്ല വിരാട് കുറ്റം ചെയ്തത് തെളിയിക്കപ്പെട്ടതോടെ ഐ.സി.സി താരത്തിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

സാം കോണ്‍സ്റ്റസ് യുവത്വത്തിന്റെ തിളപ്പിലാണെന്നും എതിരാളികളെ അക്രമിക്കാന്‍ ശ്രമിക്കുന്ന ആളാണെന്നും ശാസ്ത്രി പറഞ്ഞു. മാത്രമല്ല മെല്‍ബണില്‍ സാം ഇന്ത്യന്‍ താരങ്ങളെ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയതെന്നും താരത്തിന് വലിയ കഴിവുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

സാം കോണ്‍സ്റ്റസിനെക്കുറിച്ച് രവി ശാസ്ത്രി പറഞ്ഞത്

‘ഇത് യുവത്വത്തിന്റെ ആവേശമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ചൂടുള്ള തകര പാത്രത്തിന് മുകളിലെ പൂച്ചയെപ്പോലെയാണ് അയാള്‍ പെരുമാറിയത്. അവന്‍ കളിക്കാരോട് ഉടനടി ഇടപെടാന്‍ ആഗ്രഹിക്കുന്നവനാണ്, ധാരാളം സംസാരങ്ങള്‍ ഉണ്ടായിരുന്നു. എതിരാളികളെ ആക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് അവന്‍. അവന്‍ സ്ലെഡ്ജിങ് തുടര്‍ന്നു, കുറച്ച് സ്‌റ്റൈലിലാണവന്‍ അത് ചെയ്തത്.

മെല്‍ബണില്‍ അവന്‍ ഇന്ത്യന്‍ താരങ്ങളെ ഞെട്ടിച്ചു. അവന് കഴിവുണ്ട്, മറ്റെന്തിനെക്കാളും കൂടുതല്‍ റണ്‍സ് നേടുന്നതിലായിരിക്കണം അവന്റെ ശ്രദ്ധ. അവന്‍ തന്റെ ശക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കുകയും വേണം,’ ശാസ്ത്രി പറഞ്ഞു.

Content Highlight: Ravi Shastri Talking About Australian Young Player Sam Konstas

We use cookies to give you the best possible experience. Learn more