| Friday, 14th October 2022, 1:22 pm

സൗമ്യന്‍, സല്‍ഗുണ സമ്പന്നന്‍; അവന്‍ ബി.സി.സി.ഐ പ്രസിഡന്റായാല്‍ അത് മറ്റൊരു ചരിത്രവുമാകും: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസമാണ് സൗരവ് ഗാംഗുലി പടിയിറങ്ങിയത്. മുന്‍ ക്രിക്കറ്റ് താരവും 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ റോജര്‍ ബിന്നിയാണ് ഇനി ഈ സ്ഥാനത്തേക്ക് വരികയെന്നാണ് സൂചനകള്‍.

നേരത്തെ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ബിന്നി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ കളിക്കാരടക്കമുള്ള നിരവധി പേര്‍ ബിന്നിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ബിന്നിക്ക് പിന്തുണയുമായി ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്ന രവി ശാസ്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് ടീമിലെ താരങ്ങളായിരുന്നു ഇരുവരും.

‘റോജറിന്റെ പേര് ഉയര്‍ന്ന് വന്നതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ലോകകപ്പില്‍ എന്റെ സഹകളിക്കാരനായിരുന്നു അവന്‍. കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായതിന് ശേഷമാണ് അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ പോകുന്നത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അവിടെ ഒരു തുടര്‍ച്ചയുണ്ട്.

ബി.സി.സി.ഐയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ലോകകപ്പ് ജേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

റോജറിന് പ്രസിഡന്റാകാനുള്ള എല്ലാവിധ യോഗ്യതയുണ്ട്. അതിലൊന്നും ആര്‍ക്കും ഒരു ചോദ്യവുമുന്നയിക്കാനാകില്ല. അദ്ദേഹത്തിന്റെ ഇന്റഗ്രിറ്റിയും സ്വഭാവഗുണങ്ങളുമൊക്കെ നോക്കൂ.

പിന്നെ ഞാന്‍ നേരത്തെ പറഞ്ഞല്ലോ ലോകകപ്പ് ജേതാവാണ് റോജര്‍. ബി.സി.സി.ഐ പ്രസിഡന്റാകാന്‍ എന്തൊക്കെ യോഗ്യതകളാണോ വേണ്ടത്, അതൊക്കെ ഒന്നു പോലും കുറയാതെയുള്ള താരമാണ് റോജര്‍ ബിന്നി.

ഒരു ക്രിക്കറ്റ് കളിക്കാരനായതുകൊണ്ട് തന്നെ കളിക്കാരുടെ താല്‍പര്യത്തിനായിരിക്കും അവന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക. അതും ആ എ ടെയര്‍ ടീമിന്റെ ഇഷ്ടങ്ങളല്ല, പക്ഷെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ കാര്യങ്ങള്‍. അതായത്, ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും ആ മേഖല കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്.

സ്വന്തമായ തീരുമാനങ്ങളുള്ള വളരെ സൗമ്യനായ വ്യക്തി കൂടിയാണ് റോജര്‍. കുറെ സംസാരിക്കുന്ന ടൈപ്പ് ആളല്ലെങ്കിലും അവന്‍ വായ തുറന്നാല്‍ കേള്‍ക്കാനാളുണ്ടാകും. ക്രിക്കറ്റിന്റെ കാര്യങ്ങളില്‍ റോജറിന്റെ വാക്കുകള്‍ നമുക്ക് കൂടുതല്‍ കേള്‍ക്കാനാകുമെന്ന് ഉറപ്പാണ്,’ രവി ശാസ്ത്രി പറഞ്ഞു മുംബൈ പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Ravi Shastri supports Roger Binny to be BCCI President

We use cookies to give you the best possible experience. Learn more