| Friday, 27th December 2024, 3:55 pm

നീയൊക്കെ ജയിച്ചുനില്‍ക്കുകയാണെങ്കില്‍ ഈ കാട്ടിക്കൂട്ടലുകള്‍ക്ക് മറ്റൊരു വ്യാഖ്യാനം ലഭിക്കുമായിരുന്നു; ആഞ്ഞടിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയെ പരിഹസിച്ച ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ജേതാക്കളെ ഇനിയും തീരുമാനിക്കപ്പെട്ടില്ലെന്നും, ഓസ്‌ട്രേലിയ ലീഡ് ചെയ്യുന്ന സാഹചര്യമാണെങ്കില്‍ ഇതിന് മറ്റൊരു മാനം നല്‍കാന്‍ സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

‘നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് അവസാനിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ജേതാക്കള്‍ ആരാണെന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.

ഓസ്‌ട്രേലിയ 3-0നോ അതുമല്ലെങ്കില്‍ 2-0നോ ലീഡ് ചെയ്യുന്ന സാഹചര്യമാണെങ്കില്‍ ഇതിന് മറ്റൊരു വ്യാഖ്യാനം ലഭിക്കുമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഈ രാജ്യമൊന്നാകെ മെല്‍ബണില്‍ വിജയിക്കാന്‍ വേണ്ടി ഇന്ത്യയെ വാശിപിടിപ്പിക്കുകയാണ്.

ഫിസിക്കല്‍ കോണ്‍ടാക്ട് ഉണ്ടായ സാഹചര്യത്തില്‍ ഇതാണ് സുവര്‍ണാവസരം എന്ന് മനസിലാക്കി മറ്റ് വലിയ കഥകളുമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്,’ ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ആരംഭിച്ച ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസം ഓസീസ് താരം സാം കോണ്‍സ്റ്റസുമായുണ്ടായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ അവഹേളിച്ചുകൊണ്ട് ഓസീസ് മാധ്യമങ്ങള്‍ രംഗത്തെത്തിയത്.

പരമ്പരയ്ക്ക് മുന്നെ കിങ്ങെന്ന് വിശേഷിപ്പിച്ച ഓസീസ് മാധ്യമങ്ങള്‍ കോണ്‍സ്റ്റസുമായുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് വിരാട് കോഹ്‌ലിയെ ‘കോമാളി’ എന്ന് വിളിച്ച് മാധ്യമങ്ങള്‍ അധിക്ഷേപിച്ചത്.

പ്രമുഖ ഓസീസ് പത്രമായ ദി വെസ്റ്റ് ഓസ്ട്രേലിയനാണ് വിരാടിനെ ‘കോമാളി കോഹ്‌ലി’ (ക്ലൗണ്‍ കോഹ്‌ലി) എന്ന് വിശേഷിപ്പിച്ചത്.

ഒരു കൊച്ചുകുട്ടിയുടെ ബാലിശമായ കരച്ചിലിനോടുപമിച്ചാണ് ദി വെസ്റ്റ് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് പേജ്‌ തയ്യാറാക്കിയിരിക്കുന്നത്. തന്റേടമില്ലാത്തവന്‍ എന്ന അര്‍ത്ഥം വരുന്ന ഇന്ത്യന്‍ സൂക്ക്, ടെസ്റ്റില്‍ അരങ്ങേറുന്ന ഒരു കൗമാരതാരവുമായി ഏറ്റുമുട്ടിയെന്നും ദി വെസ്റ്റ് ഓസ്ട്രേലിയന്‍ കുറിച്ചു.

Content highlight: Ravi Shastri slams Australian Media for insulting Virat Kohli

We use cookies to give you the best possible experience. Learn more