ഒരു ലോകകപ്പ് ഇല്ലാത്ത കരിയര്‍ രോഹിത്തിന് ഒരിക്കലും മഹത്തരമാകില്ല: രവിശാസ്ത്രി
2023 ICC WORLD CUP
ഒരു ലോകകപ്പ് ഇല്ലാത്ത കരിയര്‍ രോഹിത്തിന് ഒരിക്കലും മഹത്തരമാകില്ല: രവിശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 5:56 pm

നവംബര്‍ 19ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി സംസാരിച്ചിരുന്നു. കൂടാതെ ഒരു ലോകകപ്പ് കിരീടമില്ലാതെ രോഹിത് ശര്‍മയുടെ ക്രിക്കറ്റ് കരിയര്‍ പൂര്‍ണമാകില്ലെന്നും അതിനാല്‍ ഫൈനല്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും ശാസ്ത്രി പറഞ്ഞു.

‘നിങ്ങള്‍ ലോകകപ്പ് നേടാന്‍ അര്‍ഹരാണ്, ശ്രദ്ധ കൊടുക്കുക അതിനായി ദൃഢനിശ്ചയം എടുക്കുക, ആ സമയം വന്നിരിക്കും. രോഹിത്തിനെപോലെ ഒരാള്‍ക്ക് ലോകകപ്പ് ഇല്ലാത്ത ഒരു കരിയര്‍ മഹത്തരമല്ല. അവര്‍ വിജയിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. എന്റെ കീഴിലായിരുന്നപ്പോള്‍ ഈ നിലവാരമുള്ള ഒരു ടീം ലോകകപ്പ് നേടാത്തതില്‍ എനിക്ക് നിരാശയുണ്ട്,’ അദ്ദേഹം പറഞ്ഞു.

2023 ലോകകപ്പ് യാത്ര തുടങ്ങിയത് മുതല്‍ രോഹിത്തും സംഘവും പരാജയപ്പെട്ടിട്ടില്ല. ഫൈനല്‍ മത്സരത്തിലും ഇന്ത്യ വിജയിച്ച് കീരീടം സ്വന്തമാക്കിയാല്‍ ചരിത്രത്തില്‍ തന്നെ അടയാളപ്പെനടുത്താവുന്ന ഒരു ലോകകപ്പായി 2023 മാറുമെന്നുറപ്പാണ്.

സെമി ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയ രോഹിത് എതിരാളികളെ മികച്ച രീതിയിലാണ് ആക്രമിച്ചത്. 167.7 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ പ്രകടനം. ഇടിവെട്ട് പ്രകടനത്തിനൊടുവില്‍ ടിം സൗത്തിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ കയ്യില്‍ പെടുകയായിരുന്നു.

 

Content Highlight: Ravi Shastri says that Rohit’s career will never be great without a World Cup