ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്ലാസിക്ക് ഫോര്‍മാറ്റ് ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, ടെസ്റ്റ് ക്രിക്കറ്റ്. ട്വന്റി-20 ക്രിക്കറ്റിന്റെ വളര്‍ച്ച ടെസ്റ്റ് ക്രിക്കറ്റിനെ ബാധിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ടെസ്റ്റ് എപ്പോഴത്തെയും പോലെ ശക്തമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
തന്റെതായ അഭിപ്രാങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്തയളാണ് മുന്‍ ഇന്ത്യന്‍ കളിക്കാരനും കോച്ചുമായിരുന്ന രവി ശാസ്ത്രി. അദ്ദേഹത്തിന്റെ ഈ ‘കൂസലില്ലായ്മ’ പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പക്ഷെ അദ്ദേഹത്തെ അതൊന്നും ബാധിക്കില്ല എന്ന മട്ടാണ്.
കുറച്ചുനാള്‍ മുമ്പ് ട്വന്റി-20 പരമ്പരകള്‍ ഒഴിവാക്കണമെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് വികസിപ്പിക്കുന്നതിനെതിരെ പറഞ്ഞിരിക്കുകയാണ് താരം.
ടെസ്റ്റ് മത്സരത്തില്‍ 10-12 ടീമുകളുടെ ആവശ്യമില്ലെന്നാണ് ശാസ്ത്രി പറയുന്നത്. ഒരുപാട് ടീമുകളുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് ഒരുപാട് കാലം മുന്നോട്ട് നീങ്ങില്ലെന്നും അദ്ദേഹം പറയുന്നു.
‘ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ നിങ്ങള്‍ 10-12 ടീമുകള്‍ കളിക്കുന്നത് നിര്‍ത്തണം. മികച്ച ആറ് സ്ഥാനങ്ങളിലുള്ള് ടീമുകളെ നിലനിര്‍ത്തുക. ക്രിക്കറ്റിന്റെ ഗുണനിലവാരം നിലനിര്‍ത്തുക. മത്സരങ്ങളുടെ അളവിനെ അളവിനെക്കാള്‍ ഗുണനിലവാരത്തെ ബഹുമാനിക്കുക,’ ശാസ്ത്രി പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ് ട്വന്റി-20 മത്സരങ്ങള്‍ക്കെതിരെയും ശാസ്ത്രി പറഞ്ഞിരുന്നു. ട്വന്റി-20 ബൈലാറ്ററല്‍ പരമ്പരകളൊന്നും ആരും ഓര്‍ക്കുകപോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശാസ്ത്രിയുടെ അഭിപ്രായത്തില്‍ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങള്‍ നിര്‍ത്തണമെന്നാണ്. എന്നിട്ട് ആ സമയംകൂടി മറ്റുള്ള ട്വന്റി-20 ലീഗുകള്‍ കളിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ടി-20 അന്താരാഷ്ട്ര മത്സരങ്ങള്‍ നിര്‍ത്തണം, ഭാവിയില്‍ ടി20 ലീഗുകള്‍ക്ക് മുന്‍ഗണന നല്‍കണം. എന്നിരുന്നാലും, ഐ.സി.സി ടി20 ലോകകപ്പ് തുടരണം,’ ശാസ്ത്രി പറയുന്നു.
ചെറിയ രാജ്യങ്ങളില്‍ പോലും ക്രിക്കറ്റ് വളരുന്ന കാലത്ത് ശാസ്ത്രിയുടെ ഈ പ്രസ്താവന സാധ്യതയുള്ളതാണെന്ന് തോന്നുന്നില്ല. ചെറിയ ടീമുകള്‍ വരെ ടെസ്റ്റില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കുന്നവരാണ്. വലിയ ടീമുകള്‍ മാത്രം ടെസ്റ്റ് ക്രിക്കറ്റില്‍ കളിയിലെ അണ്‍ പ്രഡിക്റ്റബിളിറ്റിയാണ് നഷ്ടമാകുക.
Content Highlights: Ravi Shastri says Test cricket should be limited to Six teams