കൊളംബൊ: രവിശാസ്ത്രി ഇന്ത്യയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്. കുംബ്ലെ വിരമിച്ചതിനു പിന്നാലെയെത്തിയ ലങ്കന്‍ പര്യടനത്തിലാണ് ശാസ്ത്രി ടീമിനൊപ്പം ചേര്‍ന്നത്. പിന്നീട് നടന്ന മൂന്ന് ടെസ്റ്റുകളിലും നാലു ഏകദിനങ്ങളിലും ഇന്ത്യ തിളക്കമാര്‍ന്ന ജയമാണ് നേടിയത്.
പരമ്പരയില്‍ വിജയം ആവര്‍ത്തിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീം ഡയറക്ടര്‍ കൂടിയായ രവി ശാസ്ത്രി. ടീം നായകനുമായുള്ള കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുന്നതുകൊണ്ടാണ് കളികളില്‍ നന്നായി ഇടപെടാന്‍ കഴിയുന്നതെന്നാണ് ശാസ്ത്രി പറയുന്നത്.
“തങ്ങളുടേത് ഒരേ ചിന്താഗതിയാണ്. ഇതാണ് കളിവിജയത്തിനും പരസ്പരമുള്ള സഹകരണത്തിനും അടിസ്ഥാനം” രവിശാസ്ത്രി പറയുന്നു. ഇത് തന്നെയാണ് ടീമിന്റെ വിജയത്തിന് കാരണമെന്നാണ് ശാസ്ത്രിയുടെ വാദം. ക്യാപ്റ്റനും മറ്റു കളിക്കാരുമായുള്ള കോച്ചിന്റെ ചിന്താഗതി വളരെ പ്രധാനമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ ടീമില്‍ നിന്ന് രാജിവെച്ചത്.കോഹ്‌ലിയും സംഘവും അനില്‍ കുംബ്ലെയെ പുറത്താക്കിയത് രവിശാസ്ത്രിക്കുവേണ്ടിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു പിന്നീട് ശാസ്ത്രി കോച്ചായി ചുമതലയേറ്റത്.
തങ്ങളുടെ ഒരേ ചിന്താഗതിയാണെന്ന് പറഞ്ഞ ശാസ്ത്രി കളിക്കാരുമായുള്ള ബന്ധം കോച്ചെന്ന രീതിയില്‍ താന്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
“ക്യാപ്റ്റന്റെയും കോച്ചിന്റെയും ചിന്താഗതി ഒന്നാകുമ്പോള്‍ കളിക്കളത്തില്‍ പദ്ധതി നടപ്പാക്കുന്നതില്‍ കൂടുതല്‍ മികവുണ്ടാകും. ഇത് കളിക്കാരുടെ ആത്മവിശ്വാസം മാത്രമല്ല, അവരുടെ സന്തോഷം കൂടി വര്‍ദ്ധിപ്പിക്കുന്നതാണ്” ശാസ്ത്രി പറഞ്ഞു.