Champions Trophy
ഇന്ത്യയെ തോല്‍പിക്കാന്‍ ഒരു ടീമിനേ സാധിക്കൂ, അത് ന്യൂസിലാന്‍ഡിനാണ്; ഫൈനലിന് മുമ്പ് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 08, 09:25 am
Saturday, 8th March 2025, 2:55 pm

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടം വീണ്ടും ശിരസിലണിയാനുറച്ചാണ് രോഹിത്തും സംഘവും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.

ന്യൂസിലാന്‍ഡാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയാണ് കിവികള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

 

2000ലെ ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നത്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് കിരീടമണിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ കിരീടവും ഏക കിരീടവുമാണത്.

ഫൈനലിന് മുമ്പായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയെ ഏതെങ്കിലും ടീമിന് പരാജയപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ അത് ന്യൂസിലാന്‍ഡിന് മാത്രമായിരിക്കുമെന്നും എന്നാല്‍ അതൊരിക്കലും എളുപ്പമാകില്ല എന്നുമാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്.

 

‘ഏതെങ്കിലുമൊരു ടീമീന് ഇന്ത്യയെ തോല്‍പിക്കാന്‍ സാധിക്കുമെങ്കില്‍ അത് ന്യൂസിലാന്‍ഡിന് മാത്രമായിരിക്കും. ഇന്ത്യയാണ് ടൂര്‍ണമെന്റ് മുതല്‍ ഫേവറിറ്റുകളായി തുടര്‍ന്നത്. ഇതിനാല്‍ തന്നെ അവര്‍ക്ക് (ന്യൂസിലാന്‍ഡിന്) എളുപ്പമായിരിക്കില്ല,’ ഐ.സി.സി റിവ്യൂവില്‍ ശാസ്ത്രി പറഞ്ഞു.

ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കാന്‍ സാധ്യതയുള്ള താരത്തെ കുറിച്ചും ശാസ്ത്രി സംസാരിച്ചു. കലാശപ്പോരാട്ടത്തില്‍ ഒരു ഓള്‍ റൗണ്ടറായിരിക്കും പുരസ്‌കാരം സ്വന്തമാക്കുക എന്നാണ് ശാസ്ത്രി പറയുന്നത്.

ഇന്ത്യന്‍ നിരയില്‍ നിന്നും രവീന്ദ്ര ജഡേജയോ അക്സര്‍ പട്ടേലോ ഈ പുരസ്‌കാരത്തിന് അര്‍ഹനായേക്കുമെന്നും അതല്ല ന്യൂസിലാന്‍ഡ് നിരയില്‍ നിന്നാണെങ്കില്‍ ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്സിനെ തെരഞ്ഞെടുക്കുമെന്നും ശാസ്ത്രി പറഞ്ഞു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍.

‘പ്ലെയര്‍ ഓഫ് ദി മാച്ച്, ഞാന്‍ ഒരു ഓള്‍ റൗണ്ടറെയാണ് തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ നിരയില്‍ നിന്നും അക്സര്‍ പട്ടേല്‍ അല്ലെങ്കില്‍ രവീന്ദ്ര ജഡേജ. ഇവരിലൊരാള്‍.

ന്യൂസിലാന്‍ഡിലേക്ക് വരികയാണെങ്കില്‍, എനിക്ക് തോന്നുന്നത് ഗ്ലെന്‍ ഫിലിപ്സിന് സാധ്യതയുണ്ടെന്നാണ്. ഫീല്‍ഡിങ്ങില്‍ അവന്‍ തന്റെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തേക്കും. ബാറ്റിങ്ങില്‍ ക്യാമിയോ ആയി ഇറങ്ങി ചിലപ്പോള്‍ 40ഓ 50ഓ റണ്‍സടിച്ചേക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയും അവന് ഇന്ത്യയെ ഞെട്ടിക്കാന്‍ സാധിക്കും,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Ravi Shastri said that if there is one team that can beat India, it is New Zealand.