| Saturday, 3rd August 2024, 10:22 pm

അവന്‍ വസീം അക്രമിനെയും വഖാര്‍ യൂനിയിനെയും ഷെയ്ന്‍ വോണിനെയും പോലെ; ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറെ കുറിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനും ക്രിക്കറ്റ് അനലിസ്റ്റുമായ രവി ശാസ്ത്രി. ടി-20 ലോകകപ്പിലെ ബുംറയുടെ പ്രകടനം വളരെ മികച്ചതാണെന്ന് പ്രശംസിച്ച ശാസ്ത്രി, ബുംറക്ക് പന്തിന്മേലുള്ള നിയന്ത്രണം വസീം അക്രം, വഖാര്‍ യൂനിസ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് സമമാണെന്നും പറഞ്ഞു.

പന്തിലുള്ള ബുംറയുടെ നിയന്ത്രണം അപാരമാണെന്നും ഇക്കാരണം കൊണ്ടുതന്നെ ബാറ്റര്‍മാര്‍ക്ക് അദ്ദേഹത്തിനെതിരെ സ്‌കോര്‍ ചെയ്യുക പ്രയാസമാണെന്നും ശാസ്ത്രി പറഞ്ഞു.

‘പന്തുകൊണ്ട് തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ബുംറ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. തനിക്കാവശ്യമുള്ളതെല്ലാം പന്തിനെക്കൊണ്ട് നേടിയെടുക്കാനുള്ള പ്രത്യേക കഴിവ് അവനുണ്ട്. ഇത്തരത്തിലുള്ള കഴിവ് വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ,’ ഐ.സി.സി റിവ്യൂവില്‍ ശാസ്ത്രി പറഞ്ഞു.

‘വളരെ കുറച്ച് ബൗളര്‍മാര്‍ക്ക് മാത്രമേ പന്തിന്മേല്‍ ഇത്രത്തോളം നിയന്ത്രണമുള്ളൂ. പ്രൈം വസീം അക്രമിനും വഖാര്‍ യൂനിസിനും ഈ കഴിവുകളുണ്ടായിരുന്നു. ഷെയ്ന്‍ വോണും പന്തടക്കത്തില്‍ മികച്ചതായിരുന്നു. എനിക്ക് തോന്നുന്നത് ടി-20 ലോകകപ്പില്‍ ബുംറക്കും പന്തിന്മേല്‍ സമാനമായ നിയന്ത്രണമുണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കാണ് ബുംറ വഹിച്ചത്. ബുംറയുടെ ബൗളിങ് മികവില്‍ ഇന്ത്യ വിജയിച്ച മത്സരങ്ങളുമുണ്ടായിട്ടുണ്ട്.

എട്ട് മത്സരത്തില്‍ നിന്നും 15 വിക്കറ്റാണ് ബുംറ പിഴുതെറിഞ്ഞത്. 29.4 ഓവര്‍ പന്തെറിഞ്ഞ് വിട്ടുകൊടുത്തതാകട്ടെ വെറും 124 റണ്‍സാണ്. രണ്ട് മെയ്ഡനുകളും ഇതില്‍ ഉള്‍പ്പെടും.

8.26 ശരാശരിയിലും 11.86 സ്‌ട്രൈക്ക് റേറ്റിലും പന്തെറിഞ്ഞ ബുംറയുടെ മികച്ച ബൗളിങ് ഫിഗര്‍ 3/7 ആണ്.

ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികവിന് പിന്നാലെ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തതും ഇന്ത്യന്‍ സ്റ്റാര്‍ പേസറെ തന്നെയായിരുന്നു.

Content highlight: Ravi Shastri praises Jasprit Bumrah

We use cookies to give you the best possible experience. Learn more